തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഞ്ചുകിലോമീറ്റര്‍ പരിസരത്ത് പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചെന്ന പ്രഖ്യാപനം തിരുത്തി എക്‌സൈസ് വകുപ്പ്. തീരുമാനം പരിശോധിക്കുകയാണെന്നും കേന്ദ്രത്തിന് കത്തെഴുതും എന്നും പറഞ്ഞ്, നടപടിയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് അധികൃതര്‍ ഇപ്പോള്‍.
ഞായറാഴ്ച രാത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ എല്ലാത്തരം പുകയില ഉത്പന്നങ്ങളും നിരോധിച്ചതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പ്രഖ്യാപിച്ചത്. നിരോധിച്ച വസ്തുക്കള്‍ മാത്രമല്ല, നിയമാനുസൃതം മുന്നറിയിപ്പ് നല്‍കാത്ത ബീഡിയും സിഗററ്റും വരെ നിരോധിച്ചു എന്നായിരുന്നു വാദം.
രണ്ടോ മൂന്നോ കിലോമീറ്ററിനുള്ളില്‍ സ്കൂളുകളും കോളേജുകളുമുള്ള സംസ്ഥാനത്ത്, ഇത് ഫലത്തില്‍ പുകയില ഉത്പന്ന നിരോധനമാകുമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ നടപടി തുടങ്ങിക്കഴിഞ്ഞെന്നായിരുന്നു മറുപടി. ഈ നിലപാടാണ് ഇപ്പോള്‍ മാറുന്നത്. നിരോധനം പ്രായോഗികമാണോ എന്ന ചോദ്യത്തിന്, ഋഷിരാജ് സിംഗ് മറുപടി നല്‍കിയിരുന്നു.

എടുത്തുചാടിയുള്ള നടപടിക്കെതിരെ വ്യാപാരികളും രംഗത്തെത്തിയിരുന്നു. എതിര്‍പ്പ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പിന്റെ ചുവടുമാറ്റം.
