നാം ജീവിക്കുന്ന പരിസ്ഥിതിയും വനവും വന്യജീവികളും ഒക്കെ നിലനില്‍ക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലായാണ് എല്ലാവര്‍ഷവും ജൂണ്‍ അഞ്ച് ലോക പരിസ്ഥിതിദിനമായി 1973 മുതല്‍ നാം ആചരിക്കുന്നത്. കാടിനെയും കാട്ടുമക്കളെയും സംരക്ഷിക്കുകയെന്ന ആഹ്വാനം പരിസ്ഥിതി ദിന സന്ദേശമായി മുന്നോട്ടുവച്ചതിലൂടെ നിലവിലെ വനസംരക്ഷണനിയമങ്ങള്‍ ഫലവത്താകുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയും സമ്മതിക്കുന്നു. വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ നടപടികളുണ്ടാവണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം.
ആനക്കൊമ്പും കടുവത്തോലും നക്ഷത്ര ആമകളും ഒക്കെ കടത്തുന്നത് തടയാന്‍ നിയമങ്ങളുണ്ടെങ്കിലും അവയൊന്നും വേണ്ടത്ര ഫലപ്രദമല്ല.
പുഴകള്‍ വരളുകയും പുല്‍മേടുകള്‍ കരിഞ്ഞുണങ്ങുകയും ചെയ്യുമ്പോള്‍ വന്യജീവികള്‍ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നു. കൃഷിനാശമുണ്ടാക്കുന്നു. വികസനത്തിനും ധാതുഖനനത്തിനും വേണ്ടി കാട്ടിലെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന മനുഷ്യര്‍ തന്നെയാണ് കാട്ടുമൃഗങ്ങളെ നാട്ടിലിറക്കുന്നത്.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ കഴിഞ്ഞ നാലുവര്‍ഷമായി മഴ മാറി നില്‍ക്കുന്നു. കുടിവെള്ള വിതരണത്തിന് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്കാണ് ലാത്തൂര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ജലസമൃദ്ധമായിരുന്ന ലാത്തൂരിലെ കുന്നുകള്‍ ഇടിച്ചുനിരത്തി കരിമ്പ് നട്ടതോടെയാണ്  വരള്‍ച്ചയുടെ പാതയിലേക്ക് ആ പ്രദേശമെത്തിയതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

44 നദികളുണ്ടായിട്ടും കേരളവും വരള്‍ച്ചയുടെ ചൂടറിഞ്ഞ വേനലാണ് കടന്നുപോയത്. ആവശ്യത്തിന് ജലസ്രോതസ്സുകളുണ്ടായിട്ടും അവയെ നിലനിര്‍ത്തുന്നതില്‍ കാട്ടുന്ന അനാസ്ഥയാണ് കേരളത്തെയും ലാത്തൂരിന്റെ പാതയില്‍ എത്തിക്കുന്നത്. ജീവന്റെ നിലനില്‍പിന് അവശ്യം വേണ്ട കാടും കുളവും നദികളും സംരക്ഷിച്ചുള്ള വികസനത്തിലേക്ക് ലോകമെത്തുമെന്ന പ്രത്യാശയില്‍ ഒരു പരിസ്ഥിതി ദിനം കൂടി നമുക്കുമുന്നില്‍...