നാളെയാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്. ഇ. പി.ജയരാജനെ വ്യവസായ വകുപ്പ് മന്ത്രിയാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായിരിക്കുന്നത്. മറ്റ് മന്ത്രിമാരുടെ ചുമതലകളിൽ മാറ്റം വരുത്താനും സിപിഎം സംസ്ഥാനം സമിതി തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട് പുറത്തുപോയ ഇ.പി.ജയരാജന്റെ മന്ത്രി സഭാ പുനപ്രവേശനത്തിന് അംഗീകാരം നൽകാനായി ഇടതുമുന്നണി യോഗം ഇന്ന് ചേരും. നാളെയാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്. ഇ. പി.ജയരാജനെ വ്യവസായ വകുപ്പ് മന്ത്രിയാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായിരിക്കുന്നത്. മറ്റ് മന്ത്രിമാരുടെ ചുമതലകളിൽ മാറ്റം വരുത്താനും സിപിഎം സംസ്ഥാനം സമിതി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. 11 മണിക്ക് എകെജി സെൻററിൽ വച്ചാണ് എൽഡിഎഫ് യോഗം ചേരുന്നത്.
സിപിഎം തീരുമാനം എൽഡിഎഫിൽ അവതരിപ്പിക്കും. അതോടൊപ്പം ക്യാബിനറ്റ് സെക്രട്ടറി പദവിയോടെ സിപിഐക്ക് ചീഫ് വിപ്പ് പദവി നൽകുന്ന കാര്യവും എൽഡിഎഫ് തീരുമാനിക്കും. എൽഡിഎഫ് യോഗത്തിന് മുമ്പ് സിപിഎം -സിപിഐ ഉഭയ കക്ഷി ചർച്ചയും നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജയരാജനെ മന്ത്രിയാക്കുന്ന കാര്യത്തിൽ സിപിഐ എതിർപ്പ് പ്രകടിപ്പച്ചിരുന്നു. ഒന്നിലധികം തവണ നടന്ന ചർച്ചകൾക്ക് ശേഷം എതിർപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് ജയരാജൻ വീണ്ടും മന്ത്രിയായി തിരികെയെത്തുന്നത്.
മന്ത്രിയായി സ്ഥാനമേറ്റ് 142-ാം ദിവസമാണ് ബന്ധു നിയമന വിവാദത്തെത്തുടർന്ന് ജയരാജൻ പുറത്തു പോയത്. എന്നാൽ ആർക്കും കാര്യസാധ്യമോ വിലപ്പെട്ട നേട്ടമോ ലഭിക്കാത്ത സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു. ജയരാജന്റെ ഭാര്യാ സഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തിൽ ജനറൽ മനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണ് ജയരാജന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്.
