മുംബൈ: ലിഫ്റ്റിനുള്ളില്‍ വച്ച് നാലുവയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കി  കവര്‍ച്ച നടത്തിയ സ്ത്രീ പിടിയില്‍. മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് സംഭവം. ലിഫ്റ്റിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സ്ത്രീയെ പിടികൂടാന്‍ സഹായകരമായത്. ഇന്നലെ വൈകീട്ടാണ് സംഭവം.

ലിഫ്റ്റില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ നിലയില്‍ നാലുവയസുകാരിയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ലിഫ്റ്റില്‍ തനിച്ച് എത്തിയ പെണ്‍കുട്ടിയെ തലങ്ങും വിലങ്ങും തല്ലിയതിന് ശേഷം നിലത്തിട്ട് ചവിട്ടിയത് പാര്‍പ്പിട സമുച്ചയത്തിന് സമീപത്തുള്ള റിസ്വാന ബീഗം എന്ന സ്ത്രീയാണ് സിസിടിവിയില്‍ നിന്ന് വ്യക്തമായി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

മര്‍ദ്ദനമേറ്റ് നിലത്തുവീണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറി ഇവര്‍ കയറി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ ഇവര്‍ ഊരിയെടുത്തു. ഇവ അറസ്റ്റിന് ശേഷം റിസ്വാനയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തിയിട്ടുണ്ട്. ക്രൂരമര്‍ദ്ദനത്തിന് കാരണമായ പ്രകോപനം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.