മെക്‌സിക്കോ സിറ്റി: ജനനസമയത്ത് മൂന്നര കിലോഗ്രാം തൂക്കമുണ്ടായിരുന്ന കുഞ്ഞിന് 10 മാസം കഴിഞ്ഞപ്പോള്‍ ഭാരം 28 കിലോ ആയി. മെക്‌സിക്കോയില്‍ ജനിച്ച ലൂയിസ് മാനുവല്‍ ഗോണ്‍സാലസ് എന്ന കുഞ്ഞിനാണ് ഡോക്ടര്‍മാരെപ്പോലും അമ്പരപ്പിച്ച് ഭാരം കൂടിയിരിക്കുന്നത്.

ജനിച്ചപ്പോള്‍ മൂന്നര കിലോ ഭാരം മാത്രം ഉണ്ടായിരുന്ന കുഞ്ഞിന് രണ്ട് മാസം പ്രായമായപ്പോഴേക്കും 10 കിലോ ആയി ഭാരം കൂടി. അടുത്ത എട്ടു മാസത്തിനുള്ളില്‍ കൂടിയതാകട്ടെ 18 കിലോയോളവും. അമിതഭാരം കാരണം ഇപ്പോള്‍ ഇഴഞ്ഞുനീങ്ങാന്‍ പോലും കഞ്ഞു ലൂയിസിന് കഴിയുന്നില്ല. ഇരിക്കാന്‍ മാത്രമെ കഴിയൂ. അമിതഭാരത്തിന് കാരണം കണ്ടെത്താനുള്ള പരിശോധനകള്‍ക്കായി ഇപ്പോള്‍ ആഴ്ചയില്‍ നാലുദിവസം കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയാണ് മാതാപിതാക്കള്‍. ലൂയിസിന്റെ ചികില്‍സയ്ക്കായി ഫേസ്ബുക്കില്‍ സഹായ അഭ്യര്‍ത്ഥനയും ഇവര്‍ നടത്തിയിട്ടുണ്ട്.

നല്ലപോലെ മുലപ്പാല്‍ കുടിച്ച് വളര്‍ന്നതാകാം അമിതഭാരത്തിന് കാരണമെന്നാണ് ലൂയിസിന്റെ അമ്മ ഇസബെല്‍ പന്റോജ പറയുന്നത്. കുഞ്ഞിന് ഭാരം കൂടിയതിന്റെ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞിട്ടില്ല. അമിതഭാരം കുഞ്ഞിന് ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പൊണ്ണത്തടി, പ്രമേഹം എന്നവിയില്‍ ലോകത്ത് മുന്‍നിരയിലാണ് മെക്സിക്കോയുടെ സ്ഥാനം. എന്നാല്‍, ഇതൊരു പാരമ്പര്യരോഗം ആയിരിക്കും എന്നാണ് മറ്റൊരു വിഭാഗം സംശയിക്കുന്നത്. എന്നാല്‍ ലൂയിസിന്റെ മൂന്നുവയസ് മാത്രം പ്രായമുള്ള സഹോദരന് സാധാരണഭാരം മാത്രമാണ് ഉള്ളത്.