കക്കൂസ് മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കി ടൂറിസം ഓഫീസിലെ ജീവനക്കാര്‍ക്കെതിരെ നടപടി

ഇടുക്കി: ജില്ലാ ടൂറിസം വകുപ്പിന്റെ മൂന്നാറിലെ ഓഫീസില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിയ സംഭവത്തില്‍ നടപടി ആരംഭിച്ചു. ഓഫീസ് ജീവനക്കാരെ രണ്ടുപേരെ ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍.പി. വിജന്‍ സ്ഥലം മാറ്റി. നാലുദിവസം മുമ്പാണ് പഴയമൂന്നാര്‍ ഡി.റ്റി.പി.സി ഓഫീസ് കെട്ടിടത്തിന് സമീപത്തെ ശുചിമുറിയില്‍ നിന്നും കക്കൂസ് മാലിന്യങ്ങളടക്കം പുഴയിലേക്ക് തള്ളുന്നതായി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്. 

സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ ജീവനക്കാര്‍ തടയുകയും ഇതിന്‍റെ ദ്യശ്യങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചത്. ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ അനുവധിക്കുന്ന ഫണ്ടുകള്‍ വകുപ്പ് ക്യത്യമായി വിനിയോഗിക്കാത്തത് മൂന്നാറിലെ ടൂറിസം വികസനത്തിന് തിരിച്ചടിയാവുകയാണ്. കുറഉഞ്ഞിക്കാലത്തെത്തുന്ന സന്ദര്‍ശകര്‍ക്കായി ഗവ. കോളേജിന് സമീപത്ത് വകുപ്പ് ബോട്ടാനിക്ക് ഗാര്‍ഡന്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും പണികള്‍ നീളുകയാണ്. ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകേണ്ട പാര്‍ക്കിന്റെ പണികള്‍ രണ്ടുവര്‍ഷം പിന്നിട്ടിട്ടും തീര്‍ന്നിട്ടില്ല.