തിരുവനന്തപുരം: ഇനി ടോക്കണ്‍ എടുത്ത് അല്‍പം വിശ്രമിച്ച് മദ്യം വാങ്ങാം. ബീവറെജ് ഔട്‌ലെറ്റുകളിലെ തിക്കുംതിരക്കും നിയന്ത്രിക്കാന്‍ ടോക്കണ്‍ സമ്പ്രദായം തുടങ്ങി. തിരുവനന്തപുരം നെട്ടയം മുക്കോലയിലാണ് മദ്യപര്‍ക്ക് നീണ്ടവരിയില്‍നിന്നും മോചനം നല്‍കി ടോക്കണ്‍ സമ്പ്രദായത്തിലുള്ള ഔട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചത്.

കയറിവരുമ്പോള്‍ നിറപുഞ്ചിരിയോടെ സ്വീകരണം. ശേഷം ടോക്കണ്‍ നല്‍കും. അതിനുശേഷം നമ്പര്‍ വരും വരെ ഇരുന്ന് വിശ്രമിക്കാം. കസേരക കിട്ടാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനും ജീവനക്കാരുണ്ട്. സംസ്ഥാനത്തെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ ഇത്തരത്തില്‍ അടിമുടി മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. തിരുവനന്തപുരം നെട്ടയം മുക്കോലയിലെ ബീവെജ് ഔട്ട്‌ലെറ്റിലാണ് ഇത്തരത്തില്‍ സംസ്ഥാനത്താദ്യമായി ടോക്കണ്‍ സംവിധാനമേര്‍പ്പെടുത്തിയത്.

സ്ഥിരം കസ്റ്റമേഴ്‌സിനു പലര്‍ക്കും സംവിധാനം ശരിക്കങ്ങ് ബോധിച്ചു. അലമ്പൊന്നുമില്ലാതെ ജോലി നടക്കുമെന്നതിനാല്‍ ജീവനക്കാര്‍ക്കും സന്തോഷം. മദ്യം വാങ്ങാനെത്തുന്നവരെ ടോക്കണ്‍സമ്പ്രദായം പരിചയപ്പെടുത്താന്‍ ജീവനക്കാര്‍തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഓട്ടോമാറ്റിക് ടോക്കണ്‍ സംവിധാനവും ഉടന്‍ നിലവില്‍ വരും.