ഉത്തർപ്രദേശിൽ എസ്ഐആറിൽ 1 കോടി 27 ലക്ഷം ഹിന്ദുക്കളുടെ വോട്ട് ഒഴിവാക്കിയെന്ന യോഗി ആദിത്യനാഥിൻ്റെ ആരോപണത്തോട് ഈ മാസം 17ന് ശേഷം പ്രതികരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആറിന് ശേഷം 13 കോടി വോട്ടർമാരെ ഒഴിവാക്കിയതിനെ ബിജെപി നേതാക്കൾ ന്യായീകരിച്ചിരുന്നു. എന്നാൽ ഉത്തർപ്രദേശിൽ ഹിന്ദു വോട്ടർമാരെ ഒഴിവാക്കി എന്ന ആരോപണം യോഗി ആവർത്തിക്കുകയാണ്.
ലഖ്നൗ: ഉത്തർപ്രദേശിൽ എസ്ഐആറിൽ 1 കോടി 27 ലക്ഷം ഹിന്ദുക്കളുടെ വോട്ട് ഒഴിവാക്കിയെന്ന യോഗി ആദിത്യനാഥിൻ്റെ ആരോപണത്തോട് ഈ മാസം 17ന് ശേഷം പ്രതികരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കലിന് ശേഷം ഇക്കാര്യത്തിലെ വിവരങ്ങൾ നൽകാമെന്നാണ് യുപി ചീഫ് ഇലക്ടറൽ ഓഫീസർ നവദീപ് റിൻവ അറിയിച്ചത്. ഇതിനിടെ യുപിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേൽനോട്ടം പ്രിയങ്ക ഗാന്ധിക്ക് നൽകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
എസ്ഐആറിന് ശേഷം 13 കോടി വോട്ടർമാരെ ഒഴിവാക്കിയതിനെ അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കൾ ന്യായീകരിച്ചിരുന്നു. എന്നാൽ ഉത്തർപ്രദേശിൽ 1 കോടി 27 ലക്ഷം ഹിന്ദു വോട്ടർമാരെ ഒഴിവാക്കി എന്ന ആരോപണം യോഗി ആദിത്യനാഥ് ആവർത്തിക്കുകയാണ്. പാർട്ടി ദേശീയ തലത്തിൽ എടുത്തിരിക്കുന്ന നിലപാടിന് വിരുദ്ധമാണ് യോഗി ആദിത്യനാഥിൻ്റെ ഈ ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന 1 കോടി 27 ലക്ഷം ഹിന്ദുക്കൾ എസ്ഐആറിന് ശേഷമുള്ള പട്ടികയിൽ ഇല്ലാത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും യോഗി ആദിത്യനാഥ് പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തിൽ നിവേദനം നൽകിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് വെളിപ്പെടുത്തി.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോട് പ്രതികരിച്ചിട്ടില്ല. യുപിയിലെ ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ നവംബർ 17ന് ശേഷം ഇക്കാര്യത്തിലെ വിശദാംശങ്ങൾ നൽകാം എന്നാണ് അറിയിച്ചിരിക്കുന്നത്. എസ്ഐആർ പൂർത്തിയായ ഉത്തർപ്രദേശിൽ ഇപ്പോൾ നടക്കുന്ന സ്പെഷ്യൽ സമ്മറി റിവിഷന് ശേഷം കരട് പട്ടിക പുറത്തിറക്കേണ്ടത് നവംബർ 17നാണ്. യുപിയിൽ വോട്ടർമാരെ ഒഴിവാക്കിയെങ്കിൽ എന്തുകൊണ്ട് ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണം എന്ന ആവശ്യത്തെ യോഗി ആദിത്യനാഥ് പിന്തുണയ്ക്കുന്നില്ല എന്ന് അഖിലേഷ് യാദവ് ചോദിച്ചു. ഇതിനിടെ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേൽനോട്ടം കോൺഗ്രസ് പ്രിയങ്ക ഗാന്ധിക്ക് നൽകും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കോൺഗ്രസ് സമാജ് വാദി പാർട്ടി സഖ്യം അടക്കമുള്ള വിഷയങ്ങൾ തീരുമാനിക്കുക പ്രിയങ്ക ഗാന്ധി ആയിരിക്കും. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ യോഗം അടുത്തിടെ വിളിച്ചു ചേർത്ത് പ്രിയങ്ക സ്ഥിതി വിലയിരുത്തിയിരുന്നു.













