ഊരാളുങ്കലുമായി ഉണ്ടാക്കിയ കരാർ‍ റദ്ദാക്കണം കരാർ കോർപ്പറേഷന് ബാധ്യത സർക്കാറിന് കത്തയച്ച് തച്ചങ്കരി
തിരുവനന്തപുരം: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനായി സിപിഎം നിയന്ത്രണത്തിലുള്ള സ്ഥാപനവുമായി ഉണ്ടാക്കിയ കരാർ റദ്ദാക്കണമെന്ന് കെഎസ്ആർടിസി എംഡി. നിലവിലെ കരാർ കോർപ്പറേഷന് ബാധ്യതയെന്നാണ് ടോമിൻ തച്ചങ്കരി സർക്കാറിന് നൽകിയ കത്തിൽ പറയുന്നത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗതാഗതമന്ത്രിയായിരുന്നപ്പോഴാണ് ഇ ടിക്കറ്റ് ബുക്കിംഗിനുള്ള സോഫ്റ്റവെയർ തയ്യാറാക്കാനും മേൽനോട്ടത്തിനുമുള്ള കരാർ കെൽട്രോണിന് നൽകിയത്. കെൽട്രോൺ ഊരാളുങ്കലിനും, ഊരാളുങ്കൽ ബംഗളുരു ആസ്ഥാനമായ മറ്റൊരു കമ്പനിക്കും കരാർ മറിച്ചുനൽകി. ഇങ്ങനെ കമ്പനികള് മാറി മാറി കരാര് നൽകുന്നതിനെക്കാള് കെഎസ്ആർടിസി നേരിട്ട് ആഗോള ടെണ്ടർ വിളിച്ച് കരാർ ഉണ്ടാക്കുന്നതാണ് ലാഭമെന്ന് ടോമിൻ തച്ചങ്കരി സർക്കാറിനെ അറിയിച്ചു.
നിലവിൽ 100 രൂപയുടെ ടിക്കറ്റിന് ബുക്ക് ചെയ്താൽ 7 രൂപ കെൽട്രോണിന് കിട്ടും മൂന്നര രൂപ ഊരാളുങ്കലിനും ബംഗളുരു കമ്പനിക്ക് രണ്ടര രൂപയും കിട്ടും. ഈ കരാർകൊണ്ട് കോർപ്പറേഷന് നേട്ടമില്ലെന്നാണ് തച്ചങ്കരിയുടെ കത്ത്. ഊരാളുങ്കൽ മുഖേനെ കെഎസ്ആർടിസിയിൽ മുൻ സർക്കാറിന്റെ കാലത്ത് നാലുകോടി മുടക്കി തുടങ്ങിയ ജിപിഎസ് പദ്ധതിയും പ്രവർത്തിക്കുന്നില്ലെന്നും തച്ചങ്കരി പറഞ്ഞു.
നേരെത്ത കെഎസ്ആർടിയിലെ കമ്പ്യൂട്ടർ വത്ക്കരണം ഊരാളുങ്കലിനെ ഏൽപ്പിക്കാനുള്ള നീക്കം പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ റദ്ദാക്കിയിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കലിനെ സർക്കാർ ഒഴിവാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
