ആര്‍ടി ഓഫീസുകളില്‍ മധുരം വിതരണം ചെയ്ത് ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനം ആഘോഷിച്ചത് ചീഫ് സെക്രട്ടറി അന്വേഷിക്കും. തെറ്റുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. ജന്മദിനമാഘോഷിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്ന് തച്ചങ്കരി വിശദീകരിച്ചപ്പോള്‍ പ്രതിപക്ഷം തച്ചങ്കരിക്കും മന്ത്രിക്കുമെതിരെ രംഗത്തെത്തി.

തച്ചങ്കരിയുടെ ജന്മദിനാഘോഷ വിവാദം കൊഴുക്കുന്നു. കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ സംസ്ഥാനത്തുടനീളം ആര്‍ടി ഓഫീസുകളില്‍ ആഘോഷം നടന്നതില്‍ ഗതാഗതമന്ത്രിക്ക് അതൃപ്തനാണ്. ദില്ലിയിലുള്ള മന്ത്രി ആഘോഷം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയോടാവശ്യപ്പെട്ടു.

സ്വന്തം ജന്മദിനമാഘോഷിക്കാന്‍ കീഴ് ജീവനക്കാര്‍ക്ക് ഔദ്യോഗികമായോ അല്ലാതെയോ നിര്‍ദ്ദേശേം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥന് കഴിയുമോ. കീഴ് ജിവനക്കാര്‍ എന്തിന് നിര്‍ദ്ദേശം പാലിച്ചു എന്നൊക്കെയാകും പരിശോധിക്കുക. വിവാദത്തില്‍ കക്ഷിചേര്‍ന്ന പ്രതിപക്ഷം തച്ചങ്കരിയെയും മന്ത്രിയെയും കടന്നാക്രമിച്ചു.

അതേസമയം മധുരപലഹാരത്തിനുള്ള പണം തന്റെ അക്കൗണ്ടില്‍ നിന്നാണ് നല്‍കിയതെന്ന് തച്ചങ്കരി വിശദീകരിച്ചു.

എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് എല്ലാവരും ജന്മദിനാശംസ നേരണമെന്നാണ് ജീവനക്കാരോട് സൗത്ത് സോണ്‍ ഡെപ്യൂട്ടി കമ്മിഷണര്‍ തച്ചങ്കരിയുടെ കത്തിന്മേലെഴുതിയത്. ഉദ്യോഗസ്ഥരെ കാണിച്ച് വരവുവെപ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.