കൊല്ലം: സ്ഥാനമൊഴിഞ്ഞ ഡിജിപി, ടിപി സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി. പൊലീസ് സേനയിലെ സുഖസൗകര്യങ്ങള്‍ അനുഭവിച്ച ശേഷം പുറത്ത് വന്ന് കുറ്റം പറയുന്നത് ശരിയായ നടപടിയല്ലെന്നും കേരള പൊലീസ് അസോസിയേഷന്‍ കൊല്ലം റൂറല്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് തച്ചങ്കരി പറഞ്ഞു.

മാധ്യമങ്ങളെ കൂട്ട് പിടിച്ച് പ്രശസ്തരാകാനാണ് ചിലരുടെ ശ്രമം. കുറച്ച് നാള്‍ കഴിഞ്ഞാല്‍ ഇവരെ ആരും ശ്രദ്ധിക്കില്ലെന്നും തച്ചങ്കരി പറഞ്ഞു.പൊലീസ് സേനയുടെ എല്ലാ സൗകരങ്ങളും അനുഭവിച്ചശേഷം പുറത്തിറങ്ങി സേനയുടെ അന്തസ് കളയുന്ന പ്രസ്താവന നടത്തരുത്. വീട്ടില്‍ പറയേണ്ട കാര്യങ്ങള്‍ പൊതുജനത്തിന് മുന്നില്‍ പറഞ്ഞ് വിഴുപ്പ് അലക്കരുതെന്നും തച്ചങ്കരി പറഞ്ഞു.

കേരളാ പൊലീസ് ഒരു വ്യക്തിയല്ല, കൂട്ടായ്മയാണ്. ഫുഡ്‌ബോള്‍ മത്സരത്തിന് റഫറി, ഗാലറിയ്‌ക്ക് വേണ്ടി കാര്‍ഡ് ഉയര്‍ത്തരുത്. തനിക്ക് ശേഷം പ്രളയം എന്ന് ആരും കരുതരുത്. താല്‍കാലിക മായി കിട്ടുന്ന കൈയ്യടിയ്‌ക്ക് വേണ്ടി സേനയെ മറക്കരുത്. പുസ്തകമെഴുതി പ്രശസ്തരാവാനാണ് ചിലരുടെ ശ്രമമെന്നും തച്ചങ്കരി പറഞ്ഞു.