നാളെ ഇടയാറൻമുള മാർത്തോമ്മാ പള്ളിയിൽ പാരിഷ് ഹാളിൽ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും
പത്തനംതിട്ട: മഹാവീര ചക്ര ക്യാപ്റ്റൻ തോമസ് ഫിലിപ്പോസിന്റെ സംസ്കാര ശുശ്രൂഷകൾ നാളെ ഇടയാറൻമുള മാർത്തോമ്മാ പള്ളിയിൽ നടക്കും. പത്ത് മണിക്ക് ഇടയാറൻമുള മാർത്തോമ്മാ ചർച്ച് പാരിഷ് ഹാളിൽ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും. എല്ലാ വിധ സൈനിക ബഹുമതികളോടും കൂടിയായിരിക്കും സംസ്കാരം നടക്കുന്നത്. ജീവിച്ചിരിക്കേ സൈന്യത്തിലെ പരമോന്നത ബഹുമതികളിലൊന്നായ മഹാവീര ചക്ര നേടിയ ഏക മലയാളി സൈനികനായിരുന്നു ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചത്. പത്തനം തിട്ട ആറൻമുള കിടങ്ങന്നൂർ സ്വദേശിയാണ്. എഴുപത്തൊൻപത് വയസ്സായിരുന്നു പ്രായം. 1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ രാജ്യത്തിന് നൽകിയ സേവനം മാനിച്ചാണ് പരമോന്നത ബഹുമതിയായ മാഹാവീരചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചത്.
