തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കലോത്സവ സമാപനത്തിന്റെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് അവധി ബാധകം. സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. കലോത്സവം നാലാം ദിനം പിന്നിടുമ്പോള്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 778 പോയിന്റ് സ്വന്തമാക്കി കോഴിക്കോട് ആണ് ഒന്നാം സ്ഥാനത്ത്. 770 സ്വന്തമാക്കി പാലക്കാട് രണ്ടാമതും 757 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്. സ്വന്തം മണ്ണില്‍ നടക്കുന്ന മത്സരത്തില്‍ 746 പോയിന്റുമായി തൃശൂരാണ് നാലാം സ്ഥാനത്ത്.