1. മാരുതി സുസുക്കി ആള്‍ട്ടോ
വര്‍ഷങ്ങളായി രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആള്‍ട്ടോ തന്നെയാണ് പട്ടിയില്‍ പോയവര്‍‌ഷവും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 2,63,422 കാറുകളാണ് 2015-^16 വര്‍ഷത്തില്‍ വിറ്റുപോയത്. 2014^15ല്‍ ഇത് 2,64,492 ആയിരുന്നു.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിരത്തിലിറങ്ങിയ ആള്‍ട്ടോയുടെ എണ്ണത്തില്‍ 1070 എണ്ണത്തിന്റെ കുറവ്.

2. സ്വിഫ്റ്റ് ഡിസയര്‍
ഇന്റിഗോ സിഎസ് ഉയര്‍ത്തിയ വെല്ലുവിളി അതിജീവിക്കാന്‍ പഴയ സ്വിഫ്റ്റിനെയൊന്ന് പരിഷ്കരിച്ച് പുറത്തിറക്കുന്പോള്‍ അത്ര വലിയ ഒരുനേട്ടം മാരുതി പോലും സ്വപ്നം കണ്ടിട്ടുണ്ടാവില്ല. കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ മാരുതിയുടെ അഭിമാനമായി മാറിയ ഡിസയര്‍ 2,34,242 എണ്ണമാണ് പോയവര്‍ഷം ഇന്ത്യക്കാര്‍ വാങ്ങിച്ചുകൂട്ടിയത്. ഈ വിഭാഗത്തില്‍ ഇനിയും മാരുതിക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ലെന്ന് സാരം.

3. സ്വിഫ്റ്റ്
ഡിസയറിന് തൊട്ടുപിന്നില്‍ തന്നെയാണ് സ്വിഫ്റ്റിന്റെ സ്ഥാനം. ഒരു പതിറ്റാണ്ടോളമായി ബി സെഗമന്റ് സെഡാനുകളുടെ രാജാവായി വാഴുന്ന സ്വിഫ്റ്റ് 1,95,043 എണ്ണം വിറ്റുപോയി. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ അല്‍പം കുറവുവന്നിട്ടുണ്ടെന്ന് മാരുതി സമ്മതിക്കുന്നു. 2,01,338 സ്വിഫ്റ്റ് കാറുകള്‍ 2014^15ല്‍ മാരുതി വിറ്റിരുന്നു

4. വാഗണര്‍
ചെറുകാറാണെങ്കിലും ഉയരക്കൂടുതല്‍ കൊണ്ട് പ്രിയപ്പെട്ടതായി മാറിയ വാഗണറിന്റെ വില്‍പ്പന കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചതായി മാരുതി അവകാശപ്പെടുന്നു. 2014^15ല്‍ 1,61,250 കാറുകള്‍ വിറ്റ സ്ഥാനത്ത് 2015^16ല്‍ 1,69,555 എണ്ണമായി ഉയര്‍ന്നു.

5. ഹ്യൂണ്ടായ് ഗ്രാന്റ് ഐ10
മാരുതിക്ക് പിന്നിലായി അഞ്ചാം സ്ഥാനത്ത് ഈ പട്ടികയില്‍ ഹ്യൂണ്ടായ്ക്ക് ഇടം നല്‍കിയത് ഗ്രാന്റ് ഐ10 ആണ്. പുറത്തിറങ്ങിയ സമയത്തെ ബുക്കിങുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട ഗ്രാന്റ് ഐ10 ഇപ്പോഴും ഉപഭോക്താക്കളുടെ പ്രിയവാഹനമായി തുടരുന്നു. 1,26,181 ഗ്രാന്റ് ഐ 10കളാണ് കഴിഞ്ഞ വര്‍ഷം നിരത്തിലിറങ്ങിയത്.

6. ഹ്യൂണ്ടായ് എലൈറ്റ് ഐ10
പോയ വര്‍ഷം വന്‍ വില്‍പ്പന വര്‍ദ്ധനവ് ലക്ഷ്യമിട്ട ഹ്യൂണ്ടായ്ക്ക് കരുത്തായി മാറിയത് എലൈറ്റ് ഐ10 ആയിരുന്നു. 1,04,841 കാറുകളാണ് വിപണിയിലെത്തിയത്.

7. മാരുതി സെലേറിയോ
പുറത്തിറങ്ങി 16 മാസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷത്തിനുമുകളില്‍ സെലോറിയകളാണ് മാരുതി വിറ്റഴിച്ചത്. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ഡീസല്‍ എഞ്ചിന്‍ വെറൈറ്റി കൂടി രംഗത്തെത്തിയതോടെ ചെറുകാറുകളില്‍ പ്രിയപ്പെട്ടതായി മാറുകയാണ് സെലേറിയോ

8. മഹീന്ദ്ര ബൊലെറോ
കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളിലും ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ബൊലെറോയിലൂടെയാണ് മഹീന്ദ്ര പട്ടികയിലിടം പിടിച്ചത്. 81,559 വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം വിറ്റത്.

9. മാരുതി ഓമ്നി
1985ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഓമ്നി, മാരുതി പുറത്തിറക്കിയ രണ്ടാമത്തെ കാറാണ്. കാല്‍ നൂറ്റാണ്ടിന് ശേഷവും ഇന്നും ഓമ്നി ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടത് തന്നെ. 2014നെ അപേക്ഷിച്ച് വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം വര്‍ദ്ധനവുമുണ്ടായി. 79,949 ഓമ്നികളാണ് കഴിഞ്ഞ വര്‍ഷം നിരത്തിലിറങ്ങിയത്. മുന്‍ വര്‍ഷം ഇത് 74,686 ആയിരുന്നു.

10. ഹോണ്ട സിറ്റി
മികച്ച രൂപകല്‍പ്പനയും വിശ്വസ്തതയും കൊണ്ട് വിപണി കീഴടക്കിയ ഹോണ്ട സിറ്റിയാണ് പട്ടികയില്‍ അവസാനമായി ഇടം പിടിച്ചത്. 77,548 കാറുകളാണ് ഹോണ്ട വിപണിയിലെത്തിച്ചത്.