കമ്പനിയില്‍ 450 കോടിയുടെ അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് രാജി.

ആനന്ദ്: പ്രമുഖ ക്ഷീരോത്പാദന സ്ഥാപനമായ അമൂലിന്റെ ജില്ലാ ഡയറി മാനേജിങ് ഡയറക്ടര്‍ രാജിവെച്ചു. ഗുജറാത്തിലെ കൈറ ജില്ലയുടെ ചുമതല വഹിച്ചിരുന്ന തമിഴ്‍നാട് സ്വദേശി കെ രത്നമാണ് രാജിവെച്ചത്. കമ്പനിയില്‍ 450 കോടിയുടെ അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് രാജി.

ടെണ്ടര്‍ അനുവദിക്കുന്നതിലും നിയമനങ്ങളിലും കോടികളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. എം.ഡിയുടെ രാജിക്കത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗം സ്വീകരിച്ചു. അതേസമയം അഴിമതി നടന്നുവെന്ന ആരോപണം ചെയര്‍മാന്‍ രാംസിങ് പര്‍മര്‍ നിഷേധിച്ചു. എം.ഡി രാജിവെച്ചത് സ്ഥാപനത്തിലെ എന്തെങ്കിലും പ്രശ്നം കൊണ്ടല്ലെന്നും അദ്ദേഹത്തിന്റെ കുടുംബപരമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചത്. 22 വര്‍ഷമായി അമുലിന് വേണ്ടി ജോലി ചെയ്യുന്ന താന്‍ ഇനിയുള്ള കാലം കുടുംബത്തിന് വേണ്ടി മാറ്റിവെയ്‌ക്കുകയാണെന്നായിരുന്നു സ്ഥാനമൊഴിഞ്ഞ ശേഷം കെ രത്നത്തിന്റെയും പ്രതികരണം. തമിഴ്നാട്ടിലും അമേരിക്കയിലും കഴിയുന്ന കുടുംബാംഗങ്ങള്‍ക്കൊപ്പമായിരിക്കും ഇനി താനെന്നും അദ്ദേഹം പറഞ്ഞു. രത്നത്തിന് പകരം സീനിയര്‍ ജനറല്‍ മാനേജറായ ജയന്‍ മേത്തയ്‌ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണിപ്പോള്‍.