ദില്ലി: ആധാര്‍ കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. പാര്‍ലമെന്‍റ് പാസാക്കിയ നിയമം ഒരു സംസ്ഥാനത്തിന് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, മമത നിയമത്തിന് അതീതയല്ലെന്നും പറഞ്ഞു. വ്യക്തി എന്ന നിലയില്‍ മമതയ്ക്ക് കോടതിയെ സമീപിക്കാം.
സംസ്ഥാന സര്‍ക്കാരിന്‍റെ പേരില്‍ കോടതിയെ സമീപിച്ചത് ശരിയായില്ലെന്നും അറിയിച്ചു. ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനം ചോദ്യം ചെയ്താണ് മമത കോടതിയെ സമീപിച്ചത്. ആധാറും മൊബൈലും തമ്മില്‍ ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പുതിയ ഹര്‍ജികള്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതോടെ മമതയ്ക്ക് വ്യക്തിപരമായി ഹര്‍ജിയുമായി കോടതിയെ സമീപിക്കാന്‍ കഴിയും.
തന്‍റെ ഫോണ്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കില്ലെന്നും അതിന്‍റെ പേരില്‍ കേന്ദ്രത്തിന് വേണമെങ്കില്‍ തന്‍റെ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കാമെന്നും മമത നേരത്തെ പറഞ്ഞിരുന്നു. ജനങ്ങളെ നിരീക്ഷിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്നും ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള നേരിട്ടുള്ള കടന്നുകയറ്റമാണെന്നും മമത ആരോപിച്ചിരുന്നു.
