ഫേസ്ബുക്ക് മാപ്പ് പറഞ്ഞു പത്തു പേരുടെ സംഘമാണ് മേല്‍വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചത്

സോള്‍: ദക്ഷിണ കൊറിയയിലെ ഫേസ്ബുക്ക് ഓഫീസിന് മുന്നില്‍ ഒരു സംഘം വനിത ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ മേല്‍വസ്ത്രം ഉരിഞ്ഞ് പ്രതിഷേധം. നേരത്തെ നടന്ന ഒരു പ്രതിഷേധ പരിപാടിയുടെ ഭാഗമായി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്തതതിനെ തുടര്‍ന്നാണ് ഫെമിനിസ്റ്റുകളുടെ സംഘം പ്രതിഷേധം സംഘടിപ്പിച്ചത്. റാലിക്കിടെ വനിത പോലീസ് ഉദ്യോഗസ്ഥര്‍ ബ്ലാങ്കറ്റുകള്‍ ഉപയോഗിച്ച് മറയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍, സ്വന്തം ഇഷ്ടത്താല്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ എന്തിന് മായ്ച്ചു കളഞ്ഞു, എന്‍റെ ശരീരം എന്‍റെ സ്വതന്ത്ര്യം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചു. പത്തു പേരടങ്ങുന്ന സംഘമാണ് എന്‍റെ ശരീരം അശ്ലീലമല്ല എന്ന മുദ്രാവാക്യവുമായെത്തിയത്.

ഫെെല്‍ ഫെമി ആക്ഷന്‍ എന്ന ഫെമിനിസ്റ്റ് ഗ്രൂപ്പാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഫേസ്ബുക്കിന്‍റെ ഭാഗത്തു നിന്ന് ലെെംഗീക വിവേചനപരമായ നീക്കമാണ് നടന്നതെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്തയാണ് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നിയമങ്ങള്‍ ലംഘിച്ചുവെന്ന് പറഞ്ഞ് ഒരു മാസത്തേക്ക് ഫെമിനിസ്റ്റ് സംഘത്തിന്‍റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. മെയ് 26ന് സംഘടിപ്പിച്ച മെൻസ്റ്റ്റൂഷേന്‍ ഫെസ്റ്റിവലിന്‍റെ (ആര്‍ത്തവ ഉത്സവം) ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്.

ആര്‍ത്തവത്തില്‍ ലജ്ജിക്കാനൊന്നുമില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഇതിനിടെ സംഘത്തിലെ ചില അംഗങ്ങള്‍ മേല്‍വസ്ത്രം ഉരിഞ്ഞു. ഇതിന്‍റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നഗ്നരായ പുരുഷന്മാരുടെ ചിത്രങ്ങള്‍ മായ്ച്ചു കളയുന്നില്ല, പിന്നെ എന്തു കൊണ്ട് സ്ത്രീകളുടെ മാത്രം അങ്ങനെ ചെയ്യുന്നു. സ്ത്രീകളുടെ ടോപ്‍ലെസ് ആയിട്ടുള്ള ചിത്രങ്ങള്‍ എന്തോ അശ്ലീലമായത് കാണുന്നത് പോലെ എന്തിന് വിചാരിക്കുന്നവെന്നും ഫെെല്‍ ഫെമി ആക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എന്തായാലും പ്രതിഷേധം ഫലം കണ്ടു. തൊട്ടടുത്ത ദിവസം തന്നെ ഫേസ്ബുക്ക് നീക്കിയ ചിത്രങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്തിയത് കൂടാതെ മാപ്പും പറഞ്ഞു. പ്രത്യേക സംവിധാനമുള്ളതിനാല്‍ നഗ്നത വെളിവാക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് തനിയെ നീക്കം ചെയ്യപ്പെടും. പക്ഷേ, ഇതൊരു സാമൂഹ്യ പ്രശ്നം ചര്‍ച്ച ചെയ്യുന്ന വിഷയമായതിനാല്‍ വീണ്ടും ഉള്‍പ്പെടുത്തുന്നുവെന്നാണ് ഫേസ്ബുക്കിന്‍റെ വിശദീകരണം.