പത്ത് വച്ചാൽ നൂറ് കിട്ടും, നൂറു വച്ചാൽ പതിനായിരം കിട്ടും. കേട്ടവർ കേട്ടവർ ഓടിയെത്തി ലക്ഷങ്ങളുമായി. മലയാളികളുടെ പണക്കൊതി മുതലാക്കിയാണ് ശബരിനാഥ് എന്ന 20 വയസ്സുകാരൻ കോടികൾ തട്ടിയെടുത്തത് . സിനിമാ തിരക്കഥകളെപ്പോലും വെല്ലുന്നതായിരുന്നു ശബരീനാഥിന്റെ വളർച്ചയും ആഡംബരജീവിതവും. ടോട്ടൽ ഫോർ യൂ തട്ടിപ്പിന്‍റെ ഫ്ലാഷ് ബാക്കിലേക്കൊരു എത്തിനോട്ടം

സരിത എസ് നായരും, ബിജു രാധാകൃഷ്ണനും, കവിതാ നായരും, ബിന്ധാസ് തോമസുമൊക്കെ തട്ടിപ്പിന്റെ ബാലപാഠങ്ങൾ പഠിച്ച് തുടങ്ങുന്നതിന് മുൻപേ ആ മേഖലയിൽ പയറ്റി തെളിഞ്ഞ ആളായിരുന്നു ശബരീനാഥ്. മലയാളികൾ സാമ്പത്തികതട്ടിപ്പിന്റെ അനന്തസാധ്യതകളെ കുറിച്ച് അറിയുന്നതും ശബരിനാഥിൽ നിന്ന്.

ശബരീനാഥ് എന്ന കൊച്ചു കോടീശ്വരന്റെ സാമ്പത്തിക ഇടപാടുകളിൽ ആ‌ർക്കും യാതൊരു സംശയവും തോന്നിയിരുന്നില്ല. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ എതിർവശത്തുള്ള ബഹുനില കെട്ടിടത്തിലായിരുന്നു ശബരീനാഥിന്റെ ഓഫീസ് ഹെഡ്ക്വാർട്ടേഴ്സ് പ്രവർത്തിച്ചിരുന്നത്. കോടികളുടെ ആസ്തിയുള്ള ബിസിനസ്സുകാർ, സർക്കാർ ജീവനക്കാർ, ദിവസവേതനക്കാർ, സാമ്പത്തിക പരാധീനതയിൽ നട്ടംതിരിഞ്ഞിരുന്നവർ ഇവരൊക്കെയായിരുന്നു ശബരീനാഥിന്റെ ഇരകൾ. ഒളിച്ചു വച്ചിരുന്ന കള്ളപ്പണവും, ജീവിതത്തിലാകെയുള്ള സമ്പാദ്യവുമെല്ലാം പലരും ശബരീനാഥിന്റെ പണപ്പെട്ടിക്കുള്ളിൽ നിക്ഷേപിച്ചു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് മൂന്ന് മാസത്തിന് ശേഷം രണ്ട് ലക്ഷം മടക്കി നൽകി ശബരീനാഥ് നിരവധി പേരുടെ വിശ്വാസം പിടിച്ചുപറ്റി. ഒരിക്കൽ ശബരിനാഥിന്രെ ടോട്ടൽ ഫോർ യു വിൽ പണം നിക്ഷേപിച്ചവർ തന്നെയായിരുന്നു ആയാളുടെ ബ്രാന്റ് ആംബാസിഡർമാരും, പരസ്യപ്രചാരകരും. ചുരുങ്ങിയ സമയം കൊണ്ടാണ് ശബരിനാഥിന്റെ ടോട്ടൽ ഫോർ യുവിലേക്ക് മലയാളികളുടെ കോടികൾ ഒഴുകിയെത്തിയത്. വിശ്വാസം ആർജിക്കാൻ വേണ്ടി ആദ്യ നിക്ഷേപകർക്കൊക്കെ ശബരി വാരിക്കോരി കൊടുത്തു. അതു കൊണ്ടു തന്നെ ഒരിക്കൽ പണം ഇരട്ടിപ്പിച്ചവർ അത് വീണ്ടു ശബരിനാഥിന് തന്നെ കൊടുത്തു. പണം ഇരട്ടിക്കൽ സീസൺ ടൂവിന് വേണ്ടി. നിക്ഷേപകരുടെ പണമെല്ലാം ഓഹരി വിപണിയിൽ കിടന്ന് വളരുകയാണെന്നായിരുന്നു ശബരീനാഥിന്റെ അവകാശവാദം. ശബരീനാഥിന്രെ നിക്ഷേപക സംഗമങ്ങൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നിശാപാർട്ടികളായിരുന്നു.

ശബരീനാഥിന്രെ ആഡംബര ജീവിതം എടുത്ത് പറയേണ്ടതായിരുന്നു. നഗരത്തിൽ നിരവധി ഫ്ളാറ്റുകൾ, നിരവധി ആഡംബര കാറുകൾ, പുരോഗമിച്ച് കൊണ്ടിരുന്ന റിസോർട്ട് നിർമ്മാണം. പണം ചാക്കിൽ കെട്ടി കൊണ്ടു പോയാണ് ശബരീനാഥ് കാറുകൾ വാങ്ങിയിരുന്നതെന്ന് പ്രമുഖ കാർ ഷോറൂമിലെ മാനേജർ ഒരിക്കൽ പറഞ്ഞിരുന്നു. ആയിടക്കാണ് ശബരീനാഥിന് സിനിമാ കമ്പം തുടങ്ങിയത് . ഒരു പ്രമുഖ നടി ശബരീനാഥിന്രെ കാമുകിയാണെന്ന് വരെ വാർത്തകൾ പ്രചരിച്ചു. സിനിമാക്കമ്പം മൂത്ത കൊച്ചു കോടീശ്വരൻ ഒടുവിൽ ഒരു സിനിമ നിർമ്മിക്കാൻ തീരുമാനിച്ചു. ഇവിടം തൊട്ടാണ് ശബരിനാഥിന്റെ കണക്കുകൂട്ടലുകൾ പിഴച്ച് തുടങ്ങിയത്. മലയാളത്തിലെ പ്രശസ്തമായ ഒരു പട്ടാളസിനിമയ്ക്ക് വേണ്ടിയാണ് ശബരീനാഥ് പണം മുടക്കിയത്. സിനിമ സാമ്പത്തിക വിജയം നേടുകയും ചെയ്തു. എന്നാൽ പട്ടാളക്കഥയ്ക്ക് പണം മുടക്കിയ ആളുടെ സാന്പത്തിക ശ്രോതസ്സിന് പിന്നാലെ മിലിട്ടറി ഇന്റളിജൻസ് ഉണ്ടെന്ന കാര്യം ശബരിനാഥ് അറിഞ്ഞിരുന്നില്ല. കാര്യമായ അന്വേഷണം തന്നെ നടന്നു. ടോട്ടൽ ഫോർ യു എന്ന കമ്പനിയിലേക്ക് നൂറുകളക്കിന് ആളുകൾ പണം ഇട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ശബരി അവകാശപ്പെട്ടിരുന്ന പോലെ യാതൊരു നിക്ഷേപവും ഈ കമ്പനി നടത്തിയിരുന്നില്ല. ഈ വിവരങ്ങൾ മിലിറ്ററി ഇന്‍റലിജൻസ് ഇൻകം ടാക്സ് ഡിപ്പാർ‍ട്ട്മെന്റിനും, കേരള പൊലീസിനും കൈമാറി.

ശബരീനാഥിന്രെ മായാവലയത്തിൽ വീണ് കോടികൾ നിക്ഷേപിച്ചവർ മനക്കോട്ട കെട്ടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇടിത്തീ പോലെ അത് സംഭവിച്ചത്. ടോട്ടൽ ഫോർ യു ടോട്ടൽ തട്ടിപ്പാണെന്ന് കേരള പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പൊലീസിന്രെ മാത്രമല്ല മന്ത്രിമാരുടെയും മൂക്കിന് താഴെയായിരുന്നു ഇത്രയും ചീഞ്ഞ് നാറിയ സാമ്പത്തിക തട്ടിപ്പ് അരങ്ങേറിയത്. ശബരിനാഥിന്റെ സ്ഥാപനങ്ങളിലും വീടുകളിലും നിരവധി റെയ്ഡുകൾ നടന്നു. കോടികളുടെ ആസ്തി കണ്ടെത്തിയെങ്കിലും അതെല്ലാം ശബരി തന്റെ സ്വന്തം സുഖത്തിനായി ഒരുക്കിയതായിരുന്നു. ടോട്ടൽ ഫോർ യു തകർന്നതറിഞ്ഞ് നൂറു കണക്കിന് നിക്ഷേപകർ ഓടിയെത്തി. ഈ വിലാപങ്ങൾ ഒരു നടുക്കത്തോടെയാണ് മലയാളികൾ കേട്ടത്

രണ്ട് വർഷം കൊണ്ട് ടോട്ടൽ ഫോർ യു എന്ന സ്ഥാപനം 200 കോടി സമാഹരിച്ചെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇതിനിടെ ഒളിവിൽ പോയ ശബരീനാഥിനെ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് പിടകൂടിയത്. തങ്ങളുടെ പണം ശബരിനാഥ് ഇരട്ടിപ്പിച്ച് തരുമെന്ന് അന്നും നിരവധി നിക്ഷേപകർ ഉറച്ച് വിശ്വസിച്ചിരുന്നു.

എന്നാൽ എല്ലാം വെറും പ്രതീക്ഷകൾ മാത്രമായിരുന്നു. ശബരീനാഥിന്റെ സ്ഥാവരമജംഗമങ്ങൾ കണ്ടുകെട്ടി വർഷങ്ങൾക്കിപ്പുറമാണ് ചെറിയ തുകയെങ്കിലും നിക്ഷേപകരിൽ ചിലർക്കെങ്കിലും തിരിച്ച് കിട്ടയതെന്ന് രേഖകൾ സൂചിപ്പിക്കുന്നു.

2008 മുതൽ 2011 വരെ ശബരീനാഥ് വിചാരണതടവുകാരനായിരുന്നു. 2011 ൽ ജാമ്യത്തിലിറിങ്ങിയ ശബരീനാഥ് ഒളിവിൽ പോയി. പിന്നീട് 2014 ലാണ് ശബരീനാഥ് കീഴടങ്ങുന്നത്. ഇതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പെട്ടിരുന്നു. ഇപ്പോഴത്തെ ശിക്ഷ തന്നെ നാല് വർഷം തടവിൽ കിടന്ന ശബരീനാഥിനെ സംബന്ധിച്ചിടത്തോളം വളരെ ചെറുതാണ്. ശബരിനാഥ് അടയ്ക്കുന്ന എട്ട് കോടി രൂപ പിഴ നിക്ഷേപകർക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്. എന്നാൽ ഒരു പഴുത് കോടതി തന്നെ നൽകിയിട്ടുണ്ട്. ഈ തുക തിരിച്ചടച്ചില്ലെങ്കിൽ വെറും ഒരു വർഷം തടവിൽ കിടന്നാൽ മതി. ശബരിനാഥിനെ പോലൊരു ബുദ്ധിമാനായ കുറ്റവാളി തീർച്ചയായും സന്തോഷത്തോടെ ആ തടവ് ശിക്ഷ ഏറ്റെടുക്കാനാവും സാധ്യതയെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ ഇതു കൊണ്ടൊന്നും പഠിക്കാത്ത മലയാളികൾ കഷ്ടപ്പെട്ടുണ്ടാക്കിയതും അല്ലാത്തതുമായ പണം ഇത്തരം തട്ടിപ്പുകാരുടെ കീശ നിറയ്ക്കാനായി നിക്ഷേപിച്ച് കൊണ്ടേയിരിക്കുന്നു.