2500 പേർവരെ ഒരുദിവസം എത്തുന്നുവെന്നാണ് കണക്ക്

ഇടുക്കി:അവധിക്കാലമായതോടെ ഇടുക്കി രാമക്കല്‍മേടില്‍ സഞ്ചാരികളുടെ തിരക്കേറുന്നു. 2500 പേർവരെ ഒരുദിവസം എത്തുന്നുവെന്നാണ് കണക്ക്. പ്രശസ്തമായ കുറവന്‍ കുറത്തി ശില്‍പത്തിനൊപ്പം മലമുഴക്കിയെന്നുപേരിട്ട പുതിയൊരു ശില്‍പവും സഞ്ചാരികള്‍ക്കായി രാമക്കല്‍മേട്ടില്‍ ഒരുങ്ങുകയാണ്. കുമളിയില്‍നിന്നും 36 കിലോമീറ്റർ സഞ്ചരിച്ചാല്‍ രാമക്കല്‍മേടിലെത്താം.

കേരളാ തമിഴ്നാട് അതിർത്തിയായ ഇവിടെ സദാ കാറ്റൊഴുകിക്കളിക്കും. ഏഷ്യയില്‍തന്നെ ശക്തമായി കാറ്റടിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇത്. പ്രസിദ്ധമായ കുറവന്‍ കുറത്തി ശില്‍പവും ഐതിഹ്യങ്ങളുറങ്ങുന്ന രാമക്കല്ലും സഞ്ചാരികളുടെ മനംകവരും. ശില്‍പം സ്ഥിതിചെയ്യുന്ന മേട് കേരളത്തിലും രാമക്കല്ല് തമിഴ്നാട്ടിലുമാണ്.

മേടില്‍നിന്നും തമിഴ്നാടിന്‍റെ വിദൂരകാഴ്ചകള്‍കാണാം. ആമപ്പാറയിലൂടെ ട്രക്കിംഗും നടത്താം.സഞ്ചാരികള്‍ക്കായി ഒരുശില്‍പം കൂടി ഇവിടെ ഒരുങ്ങുകയാണ്. കേവലം ശില്‍പം മാത്രമല്ല വാച്ച് ടവർകൂടിയാണ് മലമുഴക്കിയെന്നു പേരിട്ടിരിക്കുന്ന ഈ കലാസൃഷ്ടി. ഇടുക്കിയിലെത്തുന്ന ആർക്കും കുറഞ്ഞചിലവില്‍ കണ്ടുമടങ്ങാവുന്ന ഒരിടമാണ് രാമക്കല്‍മേട്.