വയനാട്: കുരങ്ങ് ശല്യത്താല്‍ വലയുന്ന ചില ഉത്തരേന്ത്യന്‍ നഗരങ്ങളുടേതിന് സമാനമാണിപ്പോള്‍ വയനാടിന്റെ ഭരണസിരാകേന്ദ്രമായ കല്‍പ്പറ്റയുടെ അവസ്ഥ. വര്‍ഷങ്ങളായി നഗരത്തിന് ഈ ദുരവസ്ഥ തുടങ്ങിയിങ്കിലും ഇത്തവണ കുരങ്ങ് ശല്യം അസഹനീയമാണ്. വാനരസേനയെ നിയന്ത്രിക്കാന്‍ കല്‍പ്പറ്റ നഗരസഭ പ്രത്യേക ഫണ്ട് തന്നെ നീക്കിവെച്ചിരിക്കുകയാണിപ്പോള്‍. 

നഗരസഭയ്ക്കകത്തും സിവില്‍ സ്‌റ്റേഷനിലും കുരങ്ങന്‍മാരുടെ വിളയാട്ടമാണ്. ഓഫീസുകളില്‍ കയറി ഭക്ഷണം തട്ടിപ്പറിച്ചും പോരാഞ്ഞ് അവിടെ വൃത്തികേടാക്കിയ ശേഷമേ പിന്മാറുകയുള്ളൂവെന്നും ജീവനക്കാര്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പ് കലക്ടറേറ്റ് വളപ്പിലെ ടാങ്കില്‍ വീണ് രണ്ട് കുരങ്ങന്മാര്‍ ചാവുകയും ചെയ്തു. 

വികൃതി കുരങ്ങന്മാരെ കൂട്ടത്തോടെ കൂട്ടിലാക്കി കാട്ടില്‍ തുറന്നുവിടുന്ന പദ്ധതി ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നെങ്കിലും ഓരോ വര്‍ഷവും വാനരന്മാര്‍ നഗരം കീഴടക്കുകയാണ്. വീടുകളിലാകട്ടെ വസ്ത്രങ്ങള്‍ അലക്കി ആറാനിടുന്ന താമസം അതും കൈക്കലാക്കി മുങ്ങുകയാണ് ചില കുരങ്ങുകളുടെ സ്ഥിരം പരിപാടി. ആസ്ബസ്‌റ്റോസ്, ഓട് വീടുകളുടെ മുകളില്‍ സദാസമയവും ഇവയുണ്ട്. ഓടിളക്കി വെക്കുന്നത് മറ്റൊരു നേരംപോക്കാണ്. നഗരപ്രാന്തങ്ങളില്‍ മുമ്പേ തന്നെ വാനരശല്യം രൂക്ഷമായിരുന്നെങ്കിലും ഇവ കൂട്ടത്തോടെ നഗരത്തിലെത്തിയതോടെയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

നഗരത്തിലെ വീടിനുമുകളില്‍ കയറിയ കുരങ്ങ് ചിത്രങ്ങള്‍: കെ.പി.ഹരിദാസ്

സ്വച്ഛ് ഭാരത് പദ്ധതിയില്‍ ഒന്നാമതെത്തി രാജ്യത്തിന് മാതൃകയായ ജില്ലയാണെങ്കിലും ജില്ലാ ആസ്ഥാനത്തെ ബൈപ്പാസില്‍ കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യം കുരങ്ങന്മാര്‍ ഭക്ഷണമാക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഭക്ഷണ അവശിഷ്ടങ്ങളോടൊപ്പം പ്ലാസ്റ്റിക് കവറുകളും ഇവ അകത്താക്കുകയാണത്രേ. മാലിന്യം തള്ളലിനെതിരെ നടപടിയെടുക്കാത്ത പക്ഷം നഗരം ചീഞ്ഞുനാറുന്നതിനൊപ്പം കുരങ്ങുകളുടെ കൂട്ടമരണത്തിനും ഇത് ഇടയാക്കുമെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു.