തിരുവനന്തപുരം: ടി.പി കേസില്‍ മലക്കം മറിഞ്ഞ് വി.ടി ബല്‍റാം എം.എല്‍.എ. ടി.പി കേസില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന മുന്‍ നിലപാട് ബല്‍റാം മാറ്റി. താന്‍ പറഞ്ഞത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുതീര്‍പ്പിനെക്കുറിച്ചാണ് താന്‍ പറഞ്ഞത്. മുഖ്യപ്രതിപക്ഷമായി ബി.ജെ.പിയെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. 

സോളാര്‍ വിവാദത്തില്‍ കേസെടുത്തത് അമിത് ഷായുടെ മകനെതിരായ ആരോപണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. കെ.കെ രമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്നും ബല്‍റാം പറഞ്ഞു. ടി.പി കേസില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതിന്റെ പ്രതിഫലമാണ് സോളാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായി കേസെടുത്തത് എന്നായിരുന്നു ബല്‍റാമിന്‍റെ ആരോപണം. 

കോണ്‍ഗ്രസ് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാമിന്റെ ആരോപണം. ആരോപണം വിവാദമായതോടെയാണ് ബല്‍റാമിന്റെ മലക്കംമറിച്ചില്‍. ടി.പി കേസില്‍ യാതൊരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് അന്ന് ആഭ്യന്തര മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തലയും തിരുവഞ്ചൂ രാധാകൃഷ്ണനും വെളിപ്പെടുത്തിയിരുന്നു. ഒത്തുതീര്‍പ്പിന് തെളിവുണ്ടെങ്കില്‍ ബല്‍റാം കോടതിയില്‍ ഹാജരാക്കണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടിരുന്നു.