തിരുവനന്തപുരം: പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതില്‍ അതൃപ്തി പരസ്യമാക്കി ഡിജിപി ടി.പി.സെന്‍കുമാര്‍. സര്‍ക്കാര്‍ നിലപാട് മാന്യമായി അറിയിക്കാമായിരുന്നുവെന്ന് പറഞ്ഞ സെന്‍കുമാര്‍ തന്നെ നീക്കിയതില്‍ ചട്ടലംഘനമുണ്ടെന്നും വ്യക്തമാക്കി. താനുമായി യോജിച്ച് പോകാനാകില്ലെങ്കില്‍ സര്‍ക്കാരിന് അക്കാര്യം തുറന്നു പറയാമായിരുന്നു. എല്ലാ സര്‍ക്കാരിനും ഒരു നയമുണ്ടാകും. അവര്‍ക്ക് താല്‍പര്യമുള്ള ഓഫീസര്‍മാരും. അതെന്തായാലും തനിക്കൊരിക്കലും ലോക്‌നാഥ് ബെഹ്റയാകാനാവില്ല. സെന്‍കുമാര്‍ എപ്പോഴും സെന്‍കുമാറായിരിക്കും. സര്‍ക്കാരിന് ആവശ്യം ബെഹ്റയെ ആയിരിക്കുമെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ മാറ്റിയതിലെ നിയമപ്രശ്നങ്ങളെക്കുറിച്ചും ചട്ടലംഘനത്തെക്കുറിച്ചുമെല്ലാം അറിയാമെന്നും സെന്‍കുമാര്‍ പറഞ്ഞു. എന്നാല്‍ വാശി പിടിച്ച് ഡിജിപിയായി ഇരിക്കുന്നതില്‍ അര്‍ഥമില്ല. സര്‍ക്കാരിന് വിശ്വാസമില്ലെങ്കില്‍ പിന്നെ ആ പോസ്റ്റിലിരിക്കുന്നത് സര്‍ക്കാരിനും ഇരിക്കുന്ന ആള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാകും. എങ്കിലും അക്കാര്യം തുറന്നു പറയാമായിരുന്നു. എനിക്ക് കുറച്ച് പ്രിന്‍സിപ്പിള്‍സ് ഉണ്ട്. അതനുസരിച്ചേ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളു.

ഒരാളെയും അനാവശ്യമായി ഉപദ്രവിച്ചിട്ടില്ല. ഒരു കൃത്രിമവും ചെയ്തിട്ടില്ല. നിരവധിപേര്‍ക്ക് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. അതൊന്നും പരസ്യമാക്കിയിട്ടില്ല. ഡിജിപിയായി ഇരുന്ന കാലത്ത് ക്ലബ്ബിലോ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഡിന്നറിനോ പോയിട്ടില്ല. 16 മുതല്‍ 18 മണിക്കൂര്‍വരെ ജോലി ചെയ്തിട്ടുണ്ട്. ജോലി കഴിഞ്ഞാല്‍ വീട്ടിലേക്കാണ് പോവാറുള്ളത്. ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമെയുള്ളുവെന്നും സെന്‍കുമാര്‍ പറഞ്ഞു.