\

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ പൊലീസ് മേധാവിയെ മാറ്റാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. നിയമോപദേശം തേടിയ ശേഷം ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഉന്നതതല യോഗം ചേര്‍ന്നാണ് തീരുമാനമെടുത്ത്. ദില്ലയില്‍ നിന്നും മടങ്ങിയത്തി ഉടന്‍ പിണറായി വിജയന്‍ ഫയലില്‍ ഒപ്പുവച്ചു. വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കേയാണ് സെന്‍കുമാറിനെ ക്രമസമാധന ചുമതലയില്‍ നിന്നും മാറ്റിയത്. ഫയര്‍ഫോഴ്‌സ് മേധാവിയായ ലോക്നാഥ് ബെഹ്റയാണ് പുതിയ പൊലീസ് മേധാവി. അപൂര്‍വ്വമായ നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 2015 മെയ് 31നാണ് പൊലീസ് മേധാവിയാകുന്നത്. പൊലീസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയെ തല്‍സ്ഥാനത്തുനിന്നും മാറ്റണമെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകണം. സെന്‍കുമാറിനെ മാറ്റാനും സര്‍ക്കാര്‍ ഫയലില്‍ എന്താണ് കുറിച്ചിരിക്കുന്നതെന്ന് വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

പൊലീസ് നിയമം നിലവില്‍ വരുന്നതിനു് മുമ്പ് 2000ല്‍ നായനാര്‍ സര്‍ക്കാര്‍ അന്ന് ഡിജിപിയായിരുന്ന ബിഎസ് ശാസ്‌ത്രിയെ മാറ്റി പിആര്‍ ചന്ദ്രനെ നിയമിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു ഡിജിപി ജേക്കബ് തോമസാണ് പുതിയ വിജിലന്‍സ് ഡയറക്ടര്‍. നിലവില്‍ പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡിയാണ് ജേക്കബ് തോമസ്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയ ശങ്കര്‍ റെഡ്ഡിക്ക് പകരം നിയമനം നല്‍കിയിട്ടില്ല. വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് സുരക്ഷാ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നും കഴിഞ്ഞ സര്‍ക്കാര്‍ മാറ്റിയത്. ജയില്‍ മേധാവി സ്ഥാനത്തിനിന്നും മാറ്റപ്പെട്ട ബെഹ്റയും സര്‍ക്കാരിനെതിരെ തുറന്നടിച്ചിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ പരസ്യനിലപാട് സ്വീകരിച്ച രണ്ട് ഉദ്യോഗസ്ഥരെ പ്രധാന തസ്തികയിലേക്ക് കൊണ്ടുവന്ന് സേനക്കുള്ളില്‍ തന്നെ കൃത്യമായ സൂചനകള്‍ നല്‍കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.