Asianet News MalayalamAsianet News Malayalam

പണിമുടക്ക് ഹര്‍ത്താലായി; കേരളത്തില്‍ ജനജീവിതം സ്തംഭിച്ചു

48 മണിക്കൂര്‍ പണിമുടക്ക്  എട്ട് മണിക്കൂറിനുള്ളില്‍ തന്നെ ജനജീവിതത്തെ സാരമായി ബാധിച്ചതോടെ ഇന്നും നാളെയും കേരളം ഫലത്തില്‍ നിശ്ചലമായേക്കും

trade union strike affects public life
Author
Thiruvananthapuram, First Published Jan 8, 2019, 9:44 AM IST

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ കേരളത്തിലെ ജനജീവിതം സ്തംഭിച്ചു. പണിമുടക്ക് ഹര്‍ത്താലാവില്ലെന്നും കടകള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും സമരസമിതി നേതാക്കള്‍ നേരത്തെ ഉറപ്പു തന്നിരുന്നുവെങ്കിലും ട്രെയിന്‍ ഗതാഗതമടക്കം സ്തംഭിപ്പിക്കുന്ന രീതിയിലുള്ള ശക്തമായ പണിമുടക്കിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. 48 മണിക്കൂര്‍ പണിമുടക്ക്  എട്ട് മണിക്കൂറിനുള്ളില്‍ തന്നെ ജനജീവിതത്തെ സാരമായി ബാധിച്ചതോടെ ഇന്നും നാളെയും കേരളം ഫലത്തില്‍ നിശ്ചലമാകാനാണ് സാധ്യത. 

കെഎസ്ആര്‍ടിസി- സ്വകാര്യ ബസുകളും ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തതോടെ സംസ്ഥാനത്തെ റോഡുകളിലെല്ലാം തിരക്കൊഴിഞ്ഞു. അടിയന്തര ആവശ്യങ്ങള്‍ക്കായി തീവണ്ടികളെ ആശ്രയിച്ചവര്‍ക്ക് ഹര്‍ത്താലില്‍ പോലും പതിവില്ലാത്ത ട്രെയിന്‍ തടയല്‍ സമരത്തിന് ഇരയാവേണ്ടി വന്നു. കണ്ണൂര്‍ -തിരുവനന്തപുരം-, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളും എറനാട്, വേണാട്, മദ്രാസ് മെയില്‍, ധന്‍ബാദ് എക്സ്പ്രസ്, കേരള എക്സ്പ്രസ് തുടങ്ങി പ്രധാനപ്പെട്ട എല്ലാ  എക്സ്പ്രസ് ട്രെയിനുകളും അനവധി പാസഞ്ചര്‍ ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.

കേരളത്തിന് പുറത്തും പല സ്റ്റേഷനുകളിലും തീവണ്ടികള്‍ തടയുന്നതായി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് തീവണ്ടികള്‍ കൃത്യസമയം പാലിക്കാന്‍ സാധ്യതയില്ല. ആലപ്പുഴ, തൃപ്പൂണിത്തുറ, ചെറുവത്തൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍,ഒലവക്കോട്,തിരുവനന്തപുരം, കണ്ണൂര്‍,പയ്യന്നൂര്‍, തലശ്ശേരി, എറണാകുളം തുടങ്ങി വിവിധ ഇടങ്ങളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ തീവണ്ടികള്‍ തടഞ്ഞു. അതേസമയം ട്രെയിനുകള്‍ മണിക്കൂര്‍ നേരം വൈകിപ്പിച്ച ശേഷം തൊഴിലാളികള്‍ കടത്തിവിടുന്നതിനാല്‍ തീവണ്ടി ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടില്ല. 

നിലയ്ക്കല്‍,എരുമേലി, കോട്ടയം തുടങ്ങി ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള സര്‍വ്വീസുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെവിടെയും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. മുഴുവന്‍ ബസുകളും പ്രധാന ഡിപ്പോകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും പന്പയിലേക്കുള്ള ബസുകള്‍ മാത്രം സര്‍വ്വീസ് നടത്തുന്നുണ്ട്. മറ്റു സര്‍വ്വീസുകള്‍ എല്ലാം തന്നെ നിര്‍ത്തിവച്ചു.എറണാകുളം, തൃശ്ശൂര്‍,കോഴിക്കോട്,പാലക്കാട് തുടങ്ങി മറ്റു ഡിപ്പോകളിലും ഇതു തന്നെയാണ് അവസ്ഥ. സംസ്ഥാനത്ത് എവിടെയും സ്വകാര്യബസുകളും സര്‍വ്വീസ് നടത്തുന്നില്ല. ഓട്ടോ-ടാക്സി സര്‍വ്വീസുകളും നിശ്ചലമാണ്. കാസര്‍ഗോഡ് ജില്ലയിലേക്ക് കര്‍ണാടക ആര്‍ടിസി ബസുകളും സര്‍വ്വീസ് നിര്‍ത്തിവച്ചിട്ടുണ്ട്. അതേസമയം കര്‍ണാടകയില്‍ ജനജീവിതം സാധരണ നിലയിലാണ്. 

പണിമുടക്കിന്‍റെ ഭാഗമായി കടകള്‍ നിര്‍ബന്ധിപ്പിച്ച് അടക്കില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിരുന്നുവെങ്കിലും സംസ്ഥാനത്തെ ഭൂരിപക്ഷം വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചേളാരി ഐഒസി പ്ലാന്‍റിലും എറണാകുളം സെസിലും ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സഹപ്രവര്‍ത്തകര്‍ തടഞ്ഞു. അതേസമയം തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ പതിവ് പോലെ കന്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി തുറമുഖത്ത് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ  ജീവനക്കാരെ തടഞ്ഞു. ശബരിമലയെ പണിമുടക്ക് ഭാഗികമായി ബാധിച്ചിട്ടുണ്ട്. തീവണ്ടികള്‍ തടയുന്നതും കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വ്വീസുകള്‍ ആവശ്യത്തിന് ഇല്ലാത്തതും തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ എത്താന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എങ്കിലും  ട്രെയിനുകളിലും സ്വകാര്യവാഹനങ്ങളിലുമായി ഭക്തര്‍ നിലയ്ക്കലിലേക്ക് വരുന്നുണ്ട്. എന്നാല്‍ ചെങ്ങന്നൂരില്‍ നിന്നും നിലയ്ക്കലിലേക്ക് ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 

സംസ്ഥാനത്തിന് പുറത്ത് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പണിമുടക്കിനെതിരെ മമതാ ബാനര്‍ജി ശക്തമായ നിലപാട് സ്വീകരിച്ചതിന്‍റെ ഭാഗമായി തൊഴിലാളികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നുണ്ട്. അതേസമയം ദില്ലി, ചെന്നൈ, ബെംഗളൂര്‍, ഹൈദരാബാദ്, മുംബൈ തുടങ്ങി രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ജനജീവിതം സാധാരണ നിലയിലാണ്. ഒഡീഷയിലെ ഭുവനേശ്വറില്‍ സമരക്കാര്‍ റോഡുകള്‍ ഉപരോധിക്കുന്നുണ്ട്. 

 

Follow Us:
Download App:
  • android
  • ios