കൊച്ചി: ജല്ലിക്കട്ടിനെ ചൊല്ലി വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എറണാകുളം ജില്ലയിലെ കാക്കൂര്‍ ഗ്രാമവാസികള്‍ . ജല്ലിക്കട്ടുമായി ബന്ധപ്പെട്ട കോടതി വിധി മൂലം നിലച്ചു പോയ കാളവണ്ടിയോട്ടം, മരമടി മല്‍സരം എന്നിവ പുതിയ സാഹചര്യത്തില്‍ വീണ്ടും തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗം നാട്ടുകാര്‍. കാക്കൂര്‍ കാളവയലില്‍ നിന്ന് പടിയിറങ്ങിപ്പോയ കാളയെ തിരിച്ചു കൊണ്ട് വരുകയാണ് ഇവരുടെ ലക്ഷ്യം.
പാടത്തെ ചെളിയില്‍ കന്നൂപൂട്ടി ജോടിക്കാളകളുടെ വീര്യം അളക്കുന്നത് കാക്കൂര്‍ നിവാസികള്‍ക്ക് ഒരു വിനോദം മാത്രമല്ല. ഈ നാടിന്റെ സംസ്കാരം കൂടിയാണ്. കൃത്യമായി പറഞ്ഞാല്‍ ഒരു നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള പാരമ്പര്യം. ഇരുപ്പൂ കൃഷി വിളവിറക്കിയാല്‍ എടപ്രക്കാവ്,ആമ്പിശ്ശേരി ദേവീ ക്ഷേത്രങ്ങളിലെ ഉല്‍സവം കൊടിയേറും.ഇതോടനുബന്ധിച്ചാണ് കാക്കൂര്‍ കാളവയലും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ കാര്‍ഷിക മാമാങ്കം.
ഇതിലെ ഏറ്റവും പ്രധാന ഇനമാണ് കാളവണ്ടി ഓട്ടവും മരമടി മല്‍സരവും.2014 ല്‍ ജല്ലിക്കെട്ടുമായ ബന്ധപ്പെട്ട കോടതി വിധിയോടെ ഇവ രണ്ടും നിലച്ചു.വിനോദത്തിന് വേണ്ടി പ്രദര്‍ശിപ്പിക്കുന്ന മൃഗങ്ങളുടെ പട്ടികയില് കാളയും പെട്ടതാണ് കാരണം.ഇപ്പോള്‍ ജല്ലിക്കെട്ടിന് വേണ്ടി ഒരു നാട് മുഴുവന്‍ തെരുവിലറങ്ങിയതോടെ ഇതിന് ചുവടൊപ്പിച്ച് ഈ മല്‍സരങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
ഈ ആവശ്യം ഉന്നയിച്ച് അനൂപ് ജേക്കബ് എം എല്‍എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ പ്രകടനവും നടത്തി. മാര്‍ച്ച് രണ്ടിന് ഈ വര്‍ഷത്തെ കാളവയല്‍ ആരംഭിക്കും. സര്‍ക്കാരിന്‍റെ സഹായത്തോടെ കാളവണ്ടി ഓട്ടവും മരമടി മല്‍സരവും നടത്താനാണ് ശ്രമം.
