Asianet News MalayalamAsianet News Malayalam

കടുത്ത ഗതാഗത നിയന്ത്രണങ്ങളുമായി ഖത്തര്‍ ഭരണകൂടം

traffic rules in qatar
Author
First Published Feb 23, 2017, 8:43 PM IST

തിരക്കേറിയ റോഡുകളില്‍ പോലും വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സന്ദേശങ്ങള്‍ കൈമാറുന്നതും  അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ആഭ്യന്തര മന്ത്രാലയവും ഗതാഗത വകുപ്പും പല തവണ  ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളില്‍ വലിയൊരു പങ്കും ഇത്തരം നിയമലംഘനങ്ങള്‍ കാരണാമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഇക്കാര്യം കാണിച്ചു ആഭ്യന്തര മന്ത്രാലയം തുടര്‍ച്ചയായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്നുണ്ടെങ്കിലും  അപകട നിരക്കില്‍ ഗണ്യമായ മാറ്റം പ്രകടമാവാത്തതിനെ തുടര്‍ന്നാണ് പിഴ തുക ഉയര്‍ത്തണമെന്ന ആവശ്യം ഗതാഗത വകുപ്പ് മുന്നോട്ടു വെച്ചത്. നിലവിലെ പിഴ സംഖ്യ നിയമലംഘനം തടയാന്‍ പര്യാപ്തമാകുന്നില്ലെന്ന് പൊതുഗതാഗത വകുപ്പ് ഡയറക്റ്റര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി അഭിപ്രായപ്പെട്ടു.

ഇതിനിടെ അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ സ്പീഡ് കാമറകള്‍ സ്ഥാപിച്ചു തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നും നാളെയുമായി എയര്‍ ഫോഴ്‌സ് സ്ട്രീറ്റ്, എഫ് റിങ് റോഡ്, യൂണിവേഴ്‌സിറ്റി റോഡ്, സല്‍വ റോഡ്, അല്‍ ഖോര്‍ തീരദേശ റോഡ്, അല്‍ വാബ്, ഷഹീനത്തു റോഡ് എന്നിവിടങ്ങളില്‍ മൊബൈല്‍ റഡാര്‍ കാമറകള്‍ സ്ഥാപിക്കും. ഇത്  സംബന്ധിച്ചു സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിവരം നല്‍കിയ ആഭ്യന്തര മന്ത്രാലയം വേഗപരിധി പാലിച്ച് വാഹനമോടിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

വലതു വശത്തു കൂടിയുള്ള മറികടക്കല്‍,സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര,വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകാരണങ്ങളുടെയോ ഉപയോഗം, തുടങ്ങിയ നിയമലംഘനങ്ങള്‍ അതിവേഗത്തില്‍ പിടികൂടാന്‍ ഇതുവഴി കഴിയും. ഗതാഗത വകുപ്പ് ആസ്ഥാനത്തു സ്ഥാപിക്കുന്ന പുതിയ കണ്‍ട്രോള്‍ റൂം വഴി നിയമലംഘനങ്ങള്‍ തത്സമയം കണ്ടുപിടിക്കാനും വാഹനമോടിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ എസ്.എം.എസ് സന്ദേശമയക്കാനും സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios