റിയാദ്: സൗദിയിൽ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ ശക്തമാക്കാന്‍ ട്രാഫിക് ഡയറക്ടറേറ്റ് ഒരുങ്ങുന്നു. റോഡപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കുറച്ച് കൊണ്ട് വരുകയെന്ന ഉദ്ദേശത്തോടെയാണ് അധികൃതര്‍ ശിക്ഷാനടപടികള്‍ ശക്തമാക്കുന്നത്. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പരിഷ്‌കരിച്ച പിഴകളെ കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഉടന്‍ ഉത്തരവിറക്കും.

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പരിഷ്‌ക്കരിച്ച ഉത്തരവിറക്കുന്നത്. ഇതിന്‍റെ ഭാഗമായി ട്രാഫിക് പിഴ ഉയർത്തും. എതിര്‍ ദിശയില്‍ വാഹനമോടിക്കുന്നതിനുള്ള പിഴയും നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴയും ആറായിരം റിയാല്‍ വീതമാക്കി ഉയര്‍ത്തുമെന്നാണ് സൂചന.

അമിത വേഗത, ചുവപ്പ് സിഗ്നല്‍ മറി കടക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരക്കല്‍, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളുടെ പിഴയും ഉയര്‍ത്തും. റോഡപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കുറച്ച് കൊണ്ട് വരുകയെന്ന ഉദ്ദേശത്തോടെയാണ് അധികൃതര്‍ ശിക്ഷാനടപടികള്‍ ശക്തമാക്കുന്നത്. 

എഴുപത്തി എട്ട് ശതമാനം റോഡപകടങ്ങളുടെയും കാരണം ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ടാണെന്നാണ് ട്രാഫിക് ഡയറക്‌ട്രേറ്റിന്‍റെ കണ്ടെത്തൽ. സൗദിയില്‍ ദിവസേന ശരാശരി 21 പേരുവീതം റോഡപകടങ്ങളില്‍ മരിക്കുന്നതായാണ് ഔദ്യോഗിക റിപ്പോർട്ട്. രാജ്യത്തെ ആശുപത്രി കിടക്കകളില്‍ 30 ശതമാനവും റോഡപകടങ്ങളില്‍ പെടുന്നവരെ ചികിത്സിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നു എന്നാണ് കണക്ക്.