കൊല്ലം കരവൂര്‍ പ്രഭാവിലാസത്തില്‍ പ്രവീണ്‍, മുംബൈ സ്വദേശി വികാസ് ബല്‍വാന്‍ എന്നിവരെയാണ് 2014 ജൂലായില്‍ മയക്കുമരുന്ന് കടത്തി എന്നാരോപിച്ച് കെനിയന്‍ നാവികസേന അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ദില്ലിയിലെ ആല്‍ഫാ മറൈന്‍ സര്‍വീസസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഇരുവരും ഷിപ്പിങ് ഏജന്‍സിയായ പാര്‍ക്മാന്‍സന്‍ ഷിപ് മാനേജ്‌മെന്റ് എന്ന സ്ഥാപനം വഴി കെനിയയിലെ മൊസാമ്പയിലെത്തുകയായിരുന്നു. എം.എസ്.വി ആമിന്‍ ദാരിയ എന്ന കപ്പലില്‍ ഇന്റേണ്‍ഷിപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് കപ്പലില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി പ്രവീണിനെയും വികാസിനെയും പിടികൂടി ജയിലിലടച്ചത്. 

ഇവര്‍ നിരപരാധികളാണെന്ന് കാണിച്ച് പ്രവീണിന്റെ അച്ഛന്‍ കേന്ദ്രസര്‍ക്കാരിനെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നിസാര്‍ കോച്ചേരി പ്രതികളുടെ മോചനത്തിനായി ഇടപെടുകയായിരുന്നു. കെനിയയിലെ അസിസ്റ്റന്‍ഡ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജീവ് കന്ദുരി, മോംബാസയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കൊപ്പം ജയിലിലെത്തി തടവുകാരെ സന്ദര്‍ശിച്ച അഡ്വ.നിസാര്‍ കോച്ചേരി തടവുകാരുടെ നിരപരാധിത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ മൊമ്പാസ കോടതിക്ക് കൈമാറുമെന്ന് ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന പ്രവീണിന്റെ മോചനം ഉടന്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കൊല്ലത്തെ പ്രവീണിന്റെ ബന്ധുക്കളും മൊമ്പാസയിലെ മലയാളി സമാജം പ്രവര്‍ത്തകരും.