Asianet News Malayalam

ട്രെയിന്‍ 18-ന്‍റെ പരീക്ഷണഓട്ടം വിജയകരം: ജനുവരി മുതല്‍ സര്‍വ്വീസ് ആരംഭിക്കും

നിലവില്‍ പ്രധാനനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് പകല്‍ സമയങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാവും ട്രെയിന്‍ 18 ഓടുക

train 18 successfully reached 180 kmph speed
Author
Chennai, First Published Dec 3, 2018, 6:48 PM IST
  • Facebook
  • Twitter
  • Whatsapp

ചെന്നൈ: മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി ചെന്നൈയിലെ ഇന്‍റര്‍ഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ട്രെയിന്‍ 18-ന്‍റെ പരീക്ഷണഓട്ടം വിജയകരം. കൊട്ട-സവായ് മധോപുര്‍ സെക്ഷനില്‍ നടത്തിയ പരീക്ഷണഓട്ടത്തിനിടെയാണ് ട്രെയിന്‍ 180 കി.മീ വേഗം കൈവരിച്ചത്. 

പരീക്ഷണഓട്ടം ഏതാണ്ട് പൂര്‍ത്തിയായെന്നും  കാര്യമായ സാങ്കേതിക തകരാറുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ എസ്.മണി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പുതിയ തീവണ്ടികളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാലും മൂന്ന് മാസത്തോളം പരീക്ഷണഓട്ടവും മറ്റു സാങ്കേിതക പരിശോധനകളും പൂര്‍ത്തിയാക്കാന്‍ വേണ്ടി വരും. എന്നാല്‍ ട്രെയിന്‍ 18-ന്‍റെ കാര്യത്തില്‍ ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. 

നിലവില്‍ പ്രധാനനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് പകല്‍ സമയങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാവും ട്രെയിന്‍ 18 ഓടുക. നൂറ് കോടി മുടക്കിയാണ് ട്രെയിന്‍ 18 നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ പൂര്‍ണമായും ചെയിന്‍ കാറുകളാണ് ട്രെയിന്‍ 18-ല്‍ ഉള്ളത്. ഈ സാന്പത്തിക വര്‍ഷം തന്നെ ട്രെയിന്‍ 18-ന്‍റെ സ്ലീപ്പര്‍ കോച്ച് മോഡലും ചെന്നൈയിലെ കോച്ച് ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങും. അടുത്ത സാന്പത്തിക വര്‍ഷത്തില്‍ നാല് ട്രെയിന്‍ 18 കോച്ചുകളാവും നിര്‍മ്മിക്കുക. ഭാവിയില്‍ ട്രെയിന്‍ കോച്ചുകള്‍ വിദേശത്തേക്ക് കയറ്റി അയക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്. എന്നാല്‍ അഭ്യന്തരവിപണിയിലേക്ക് വേണ്ടത്ര കോച്ചുകള്‍ നിര്‍മ്മിച്ച ശേഷം മാത്രമായിരിക്കും കയറ്റുമതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

സവിശേതകളുടെ കൂടാരമാണ് ട്രെയിന്‍ 18 ല്‍ ഒരുക്കിയിട്ടുള്ളത്. 2018  ല്‍ നിര്‍മ്മാണം ആരംഭിച്ചതുകൊണ്ടാണ് ട്രെയിന്‍ 18 എന്ന പേര് നല്‍കിയിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ചിട്ടുള്ള ട്രെയിന്‍ 18 ന് പ്രത്യേക എന്‍ജിന് പകരം സെല്‍ഫ് പ്രൊപല്‍ഷന്‍ മൊഡ്യൂളുകളാണുള്ളത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 16 ബോഗികളാണ് തീവണ്ടിയിലുള്ളത്. സീറ്റുകള്‍ 360 ഡിഗ്രി വരെ തിരിക്കാം എന്നതിനാല്‍ യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് അവര്‍ക്ക് ഇരിക്കാന്‍ സാധിക്കും. ശതാബ്ദിയേക്കാള്‍ 15 ശതമാനം യാത്രാ സമയം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഓട്ടോമാറ്റിക് ഡോറുകളാണ് ഓരോ ബോഗികളിലും ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് അത്യന്താധുനിക സൗകര്യങ്ങളെല്ലാം ലഭ്യമാക്കുമെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അറിയിച്ചു. വൈഫൈ സംവിധാനം, ജിപിഎസ് അടിസ്ഥാനത്തില്‍ യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുക, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടോയ്‌ലെറ്റ് എന്നിവയും ട്രെയിന്‍ 18 ന് മാറ്റ് കൂട്ടും.

രണ്ടറ്റത്തും ഡ്രൈവറുടെ കാബിനുള്ള വണ്ടി മെട്രോ ട്രെയിന്‍ പോലെ ഏതു ഭാഗത്തേക്കും ഓടിക്കാന്‍ കഴിയും. എല്ലാ കോച്ചുകളുടെ അടിഭാഗത്തും വൈദ്യുതി സ്വീകരിച്ച് അതിനകത്തെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത. അതിനാലാണ് ഈ വണ്ടിക്ക് പ്രത്യേകമായി എന്‍ജിന്റെ ആവശ്യമില്ലാത്തതും. സാധാരണ മെയില്‍ എക്‌സ്പ്രസ് വണ്ടികളില്‍ എന്‍ജിന്‍ സമീപത്തായിരിക്കും വൈദ്യൂതി വിതരണത്തിനുള്ള സംവിധാനം ക്രമീകരിക്കുക.  ട്രെയിന്‍-18 ല്‍ ഇടവിട്ടുള്ള ഓരോ കോച്ചിലും തീവണ്ടിയെ മുന്നോട്ടു കുതിപ്പിക്കാനുള്ള മോട്ടോറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 

മെട്രോയിലേതിന് സമാനമായി ട്രെയിന്‍ നിറുത്തിയതിന് ശേഷം മാത്രമേ വാതിലുകള്‍ തുറക്കുകയുള്ളൂ. എല്ലാ വാതിലുകളും അടച്ചതിന് ശേഷം മാത്രമേ ട്രെയിന്‍ സ്റ്റേഷനില്‍നിന്നും എടുക്കുകയുമുള്ളൂ എന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ഇതുപോലുള്ള ആറെണ്ണം നിര്‍മ്മിക്കുമെന്നാണ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി അറിയിച്ചിരിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം സ്ലീപ്പര്‍ കോച്ചുകളായിരിക്കും. നേരത്തെ ട്രയല്‍ റണ്‍ ട്രെയിന്‍ 18 വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios