ബെംഗലുരു: കേരളത്തിൽ നിന്ന് ബെംഗലുരുവിലേക്കുളള തീവണ്ടികൾ ബാനസവാടി വരെ മാത്രമായി ചുരുക്കുന്നതിൽ പ്രതിഷേധം ശക്തം. സ്വകാര്യ ബസ് ലോബിയെ സഹായിക്കാനുളള നടപടിക്കെതിരെ പ്രത്യക്ഷസമരത്തിനൊരുങ്ങുകയാണ് മലയാളി സംഘടനകൾ.
വീതിയുളള ഒരു വഴിയില്ല, പേരിനെങ്കിലും ഓട്ടോ സ്റ്റാന്‍റില്ല, ബസ് സർവീസില്ല അങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല ബാനസവാടി സ്റ്റേഷനില്‍. യാത്രക്കാർക്ക് ദുരിതമാവുന്ന ഈ സ്റ്റേഷൻ വരെ മാത്രം കേരളത്തിൽ നിന്ന് ബെംഗലുരുവിലേക്കുളള ട്രെയിനുകളുടെ യാത്ര റെയിൽവേ ചുരുക്കുകയാണ്. സിറ്റി റെയിൽവേ സ്റ്റേഷൻ, യെശ്വന്ത്പൂർ എന്നിവിടങ്ങളിലേക്ക് ട്രെയിനുകൾ കടത്തിവിടേണ്ട എന്നാണ് തീരുമാനം. ട്രെയിനുകൾ നിർത്താനും സ്വകാര്യ ബസ് ലോബിയെ സഹായിക്കാനുമാണ് നടപടിയെന്നാണ് ആക്ഷേപം.
പ്ലാറ്റ്ഫോം ഒഴിവില്ലെന്ന കാരണം പറയുമ്പോഴും മറ്റ് സംസ്ഥാനങ്ങളിലേക്കുളള ട്രെയിനുകളുടെ സ്റ്റേഷൻ റെയിൽവെ പുനക്രമീരിച്ചിട്ടില്ല. ഇപ്പോൽ തന്നെ യാത്രാദുരിതം നേരിടുമ്പോഴുളള നടപടി കടുത്ത വിവേചനമാണെന്നാണ് മലയാളി സംഘടനകൾ ആരോപിക്കുന്നത്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ പ്രതിഷേധപരിപാടികളിലേക്ക് സംഘടനകൾ കടക്കുകയാണ്. അതിന്‍റെ ഭാഗമായി ഇന്ന് സിറ്റി സ്റ്റേഷനിൽ ധർണ നടക്കും.
