Asianet News MalayalamAsianet News Malayalam

10 വര്‍ഷമായി കണക്ഷന്‍ പോലും കൊടുക്കാതെ വഴി തടയാനായി മാത്രമൊരു ട്രാന്‍സ്ഫോര്‍മര്‍

transformer at kattakkada
Author
First Published Sep 7, 2017, 9:34 PM IST

തിരുവനന്തപുരം: റോഡ് വെട്ടിപ്പൊളിച്ചും അറ്റകുറ്റപ്പണി നടത്താതെയും പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോരിറ്റിയുമൊക്കെ നാട്ടുകാരുടെ വഴി മുടക്കുന്നത് പലയിടത്തും പതിവുള്ളതാണ്. എന്നാല്‍ പൊതുവഴിയില്‍ ട്രാന്‍സ്‍ഫോര്‍മര്‍ സ്ഥാപിച്ചാണ് കാട്ടാക്കടയില്‍ കെ.എസ്.ഇ.ബി ഒരു പ്രദേശവാസികളെ ഒന്നടങ്കം വഴിതടയുന്നത്. ഒന്‍പത് വര്‍ഷത്തോളമായി ഒരു കണക്ഷന്‍ പോലും കൊടുക്കാതെ ഇരുപതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന വഴിയുടെ കുറുകെ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‍ഫോര്‍മര്‍ മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഇനി മുട്ടാന്‍ വാതിലുകളുമില്ല.

പാറശ്ശാല ആര്യങ്കോട് പഞ്ചായത്തിലെ ചെമ്പൂര് സി.എസ്.ഐ ചര്‍ച്ചിന് എതിര്‍വശത്താണ് പത്ത് വര്‍ഷം മുമ്പ് പൊതുവഴിക്ക് കുറുകെ കെ.എസ്.ഇ.ബി ട്രാന്‍സ്‍ഫോര്‍മര്‍ സ്ഥാപിച്ചത്. അന്നുമുതല്‍ തൊട്ടടുത്തുള്ള പറമ്പിലൂടെയായി ഇവിടെയുള്ള ഇരുപതോളം കുടുംബങ്ങളുടെ സഞ്ചാരം. സമീപത്തെ പുരയിടങ്ങള്‍ മതില്‍ കെട്ടി തിരിച്ചതോടെ ഇവര്‍ക്കിപ്പോള്‍ ട്രാന്‍സ്‍ഫോര്‍മറിന് കീഴിലൂടെ മാത്രമേ നടക്കാന്‍ കഴിയൂ. വാഹനങ്ങളൊന്നും വീട്ടിലെത്തിക്കാന്‍ കഴിയില്ല. ഇവ റോഡരികില്‍ നിര്‍ത്തിയിട്ട് നടന്നുവേണം വീട്ടില്‍ പോകാന്‍. ആര്‍ക്കെങ്കിലും അസുഖമായാല്‍ പോലും താങ്ങിയെടുത്ത് ഏറെ ദൂരം നടന്ന് വേണം ട്രാന്‍സ്ഫോര്‍മര്‍ കടന്നുകിട്ടാന്‍. പ്രദേശത്തെ എല്‍.പി സ്കൂളിനടുത്താണെന്ന കാരണം ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ന്നതോടെയാണ് 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ്ജ് ചെയ്യാതെ ഉപേക്ഷിച്ചത്. പക്ഷേ റോഡിന് നടുവില്‍ നിന്ന് ഇത് എടുത്ത് മാറ്റാന്‍ മാത്രം കെ.എസ്.ഇ.ബി അധികൃതര്‍ തയ്യാറായില്ല. പ്രദേശത്ത് മറ്റ് ട്രാന്‍സ്ഫോര്‍മറുകള്‍ വന്നിട്ടും കണക്ഷന്‍ പോലും കൊടുക്കാതെ  റോഡിന് നടുവില്‍ തന്നെ ട്രാന്‍സ്ഫോര്‍മര്‍ അവശേഷിച്ചു. നിലവില്‍ ഇതേ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ട്യൂട്ടോറിയല്‍ കോളേജിലേയ്ക്കുള്ള വഴിയും ഇതേ ട്രാന്‍സ്ഫോര്‍മറിന് അടിയിലൂടെയാണ്. നൂറോളം വിദ്യാര്‍ഥികള്‍ ദിവസേന ഇതുവഴി കടന്നുപോകാറുണ്ട്.

വഴിമുട്ടിയ നാട്ടുകാര്‍ പരാതിയുമായി വെള്ളറട അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കും കാട്ടാക്കട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കുമെല്ലാം പരാതി നല്‍കി. ട്രാന്‍സ്ഫോര്‍മര്‍ വഴിയില്‍ നിന്ന് മാറ്റണമെന്ന് പഞ്ചായത്തും കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് 43,000 രൂപ ചിലവാകുമെന്നായിരുന്നു കെ.എസ്.ഇ.ബി ഉദ്ദ്യോഗസ്ഥരുടെ വാദം. ഈ തുക നല്‍കാമെന്ന് പഞ്ചായത്ത് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് ഫണ്ടില്ലെന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാരിപ്പോള്‍.

Follow Us:
Download App:
  • android
  • ios