കൊച്ചി: നഗരത്തില്‍ യൂബർ ടാക്സി ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ 5 ഭിന്നലിംഗക്കാർ പിടിയിലായി. ഒളിവിൽ പോയ രണ്ട് പേർക്കായി തെരച്ചിൽ നടത്തുകയാണെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ രണ്ടരയോടെ ഓട്ടം കാത്ത് ഹൈക്കോടതി ജംക്ഷന് സമീപം കിടക്കുകയായിരുന്ന ആലുവ എടത്തല സ്വദേശിയായ ഊബര്‍ ടാക്സി ഡ്രൈവറെയാണ് ആക്രമിച്ചത്. ട്രാന്‍സ് ജണ്ടറുകളായ ഏഴ് പേര്‍ വാഹനത്തിലിടിച്ച് ബഹളമുണ്ടാക്കി. ഗ്ലാസ് താഴ്തിയതോടെ ഡ്രൈവറെ ആക്രമിക്കുകയും മൊബൈല്‍ ഫോണും പേഴ്സും കൈക്കലാക്കുകയും ചെയ്തു. വാഹനം വേഗത്തിലെടുത്ത് മുന്നോട്ട് പോകുന്നതിനിടെ ഇയാള്‍ പൊലീസ് വാഹനം കണ്ടു. സംഭവം വിവരിച്ചു. സെന്‍ട്രല്‍ സിഐ അനന്തലാലിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ അഞ്ച് പേരെ പിടികൂടി.

പത്തനംതിട്ട സ്വദേശി ഭൂമിക, വൈറ്റില സ്വദേശികളായ ശ്രുതി, സോനാക്ഷി, ചെങ്ങന്നൂർ സ്വദേശി അരുണിമ, നെയ്യാറ്റിൻകര സ്വദേശി നിയ എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ രാത്രി യാത്രികര്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്ന് പൊലീസ് അറിയിച്ചു. ടാക്സി ഡ്രൈവറെ ആക്രമിച്ച മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.