Asianet News MalayalamAsianet News Malayalam

കെ എസ് ആര്‍ ടി സിയിലെ വരുമാന നേട്ടം: മാനേജ്‌മെന്‍റിന്‍റെ സാമ്പത്തിക അച്ചടക്കത്തിന്‍റെ ഫലമെന്ന് ഗതാഗതമന്ത്രി

കെ എസ് ആര്‍ ടി സിയിലെ വരുമാന നേട്ടം മാനേജ്‌മെന്‍റ് സ്വീകരിച്ച സാമ്പത്തിക അച്ചടക്ക നടപടികളുടെ കൂടി ഫലമാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ.  ശബരിമല സർവീസിലെ കുത്തകയാണ് മികച്ച നേട്ടം കൈവരിക്കാൻ സഹായകരമായതെന്നും ഗതാഗത മന്ത്രി.

transport minister on ksrtcs income
Author
Delhi, First Published Jan 27, 2019, 9:59 PM IST

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍ നിന്ന് നല്‍കാനാകുന്നത് മാനേജ്‌മെന്‍റ് സ്വീകരിച്ച സാമ്പത്തിക അച്ചടക്ക നടപടികളുടെ കൂടി ഫലമാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. കൂടുതൽ തൊഴിലാളി സൗഹൃദവും ജനസൗഹൃദവുമായ നിലപാടുകളുമായി മുന്നോട്ട്‌ പോവുമെന്നും ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. 

നേട്ടത്തിൽ അമിതാഹ്ളാദമില്ലെന്നും ശബരിമല സർവീസിലെ കുത്തകയാണ് മികച്ച നേട്ടം കൈവരിക്കാൻ സഹായകരമായതെന്നും ഗതാഗത മന്ത്രി പറഞ്ഞു. ശബരിമല സർവീസിലെ കുത്തകയാണ് മികച്ച നേട്ടം കൈവരിക്കാൻ സഹായകരമായതെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടി രൂപ കെ എസ് ആര്‍ ടി സി സര്‍വ്വീസുകളില്‍ നിന്ന് ലഭിച്ചു. ശബരിമല സര്‍വ്വീസ് കെ എസ് ആര്‍ ടി സിക്ക് നേട്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. എംപാനൽഡ്  ജീവനക്കാരെ പിരിച്ചു വിട്ടതും അതിന് പിന്നാലെ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതുമാണ് കെ എസ് ആര്‍ ടി സിയുടെ ഇപ്പോഴത്തെ ലാഭത്തിന് കാരണം. 

മണ്ഡല - മകരവിളക്ക് കാലത്ത് കെ എസ് ആര്‍ ടി സിക്ക് റെക്കോര്‍ഡ് വരുമാനമാണ് ഉണ്ടായത്. ഈ സീസണില്‍ വരുമാനമായി ലഭിച്ചത് 45.2 കോടി രൂപയാണ്. പമ്പ – നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 15.2 കോടി രൂപയായിരുന്നു. എസി ബസുകള്‍ക്കായിരുന്നു കൂടുതല്‍ ആവശ്യക്കാര്‍. 44 എസി ബസുകളാണ് പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു സ്ഥിരമായി ഓടിയത്.
 

Follow Us:
Download App:
  • android
  • ios