ഓഗസ്റ്റ് 16ലെ പ്രളയത്തിൽ തകർന്ന പെരിയവരപാലത്തിന് പകരം നിർമിച്ച താത്കാലിക പാലം കഴിഞ്ഞ ദിവസമാണ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.
ഇടുക്കി: മൂന്നാർ പെരിയവരയിൽ നിർമിച്ച താത്കാലിക പാലത്തിൽ അപകട സാധ്യത ഉയർത്തി ചരക്ക് ഗതാഗതം. 12 ടൺ ഭാരം കയറ്റാവുന്ന പാലത്തിൽ 30 ടണ്ണിലധികം ചരക്കുമാണ് ലോറികൾ കടന്ന് പോകുന്നത്.
ഭാര വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ദേവികുളം എംഎൽഎ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 16ലെ പ്രളയത്തിൽ തകർന്ന പെരിയവരപാലത്തിന് പകരം നിർമിച്ച താത്കാലിക പാലം കഴിഞ്ഞ ദിവസമാണ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.
കോൺക്രീറ്റ് പൈപ്പുകൾക്ക് മുകളിൽ മണൽചാക്കുകൾ അടുക്കി നിർമിച്ച പാലത്തിലൂടെ ഭാര വാഹനങ്ങൾ കടന്ന് പോകുന്നതിന് പൊതുമരാമത്ത് വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മൂന്നാറിൽ നിന്ന് മറയൂർ, കാന്തല്ലൂർ ഭാഗങ്ങളിലേക്ക് പോകുന്നതിനുള്ള ഏക ആശ്രയമാണ് പെരിയവര പാലം.
പ്രളയത്തിൽ തകർന്ന പാലം താത്കാലികമായി പുനർനിർമിക്കുന്നത് വരെ ജീവൻ പണയം വച്ചായിരുന്നു നാട്ടുകാരുടെ ഈ വഴിയുള്ള യാത്ര. മൂന്ന് മാസത്തിനുള്ളിൽ പുതിയ പാലം നിർമിക്കാനാണ് ശ്രമം. അതുവരെ താത്കാലിക പാലത്തിലൂടെ വലിയ വാഹനങ്ങൾ കടത്തിവിടുന്നതിന് കർശന നിയന്ത്രണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കിൽ മറയൂർ വീണ്ടും ഒറ്റപ്പെടും.
