Asianet News MalayalamAsianet News Malayalam

മണ്ഡലകാലത്തിന് ശേഷമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

നടവരവ് കുറയുന്ന പക്ഷം സർക്കാർ സഹായിക്കുമെന്ന് ഉറപ്പ് നൽകിയ സാഹചര്യത്തിൽ എത്രത്തോളം സഹായം വേണ്ടിവരുമെന്ന് യോഗം ചർച്ച ചെയ്തേക്കും

travancore devaswom board meeting today
Author
Thiruvananthapuram, First Published Jan 22, 2019, 6:35 AM IST

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ശേഷം ചേരുന്ന ആദ്യ യോഗമാണ് ഇന്നത്തേത്. തീർഥാടനകാലത്തെക്കുറിച്ച് യോഗം വിലയിരുത്തും. നടവരവ് കുറയുന്ന പക്ഷം സർക്കാർ സഹായിക്കുമെന്ന് ഉറപ്പ് നൽകിയ സാഹചര്യത്തിൽ എത്രത്തോളം സഹായം വേണ്ടിവരുമെന്ന് യോഗം ചർച്ച ചെയ്തേക്കും.

അതേസമയം, ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയതിന് വിശദീകരണം നൽകാൻ തന്ത്രിക്ക് ദേവസ്വം ബോർഡ് സാവകാശം നൽകി. തന്ത്രിയുടെ അപേക്ഷ പരിഗണിച്ചാണ് ബോർഡ് രണ്ടാഴ്ചത്തെ സമയം കൂടി നൽകിയത്. ബിന്ദുവും കനകദുർഗ്ഗയും ദർശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ചു ശുദ്ധിക്രിയ ചെയ്തത് വൻ വിവാദമായിരുന്നു.

ഇതിനിടെ ശബരിമലയിലെ പ്രശ്നപരിഹാരത്തിനായി ചർച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരാത്തിന്‍റെ നിലപാട് സ്വാഗതാർഹമെന്ന് ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാർ  വ്യക്തമാക്കി. ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാനുള്ള ഇടപെടലുകളാണ് ദേവസ്വം ബോർഡ് തുടക്കം മുതൽ നടത്തിയത്.

പ്രശ്നപരിഹാരത്തിനായി ദേവസ്വം ബോർഡും താനും കഴിയാവുന്നതെല്ലാം ചെയ്യുമെന്നും പത്മകുമാർ പറഞ്ഞു. കാലാവധി തീരും വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്  സ്ഥാനത്ത് നിന്ന് രാജി വയ്ക്കില്ലെന്നും എ പത്മകുമാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. കാലാവധി തീരുന്ന നവംബർ 14 വരെ സ്ഥാനത്തുണ്ടാകും. താൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറുമെന്നത് ചിലരുടെ ആഗ്രഹമാണ്. അത് നടക്കില്ലെന്നും പത്മകുമാര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios