ദുബായ്: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് ദുബായില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ജാസ് ടൂറിസത്തിന്റെ പരാതിയിന്‍മേലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല. 

ബിനോയിക്ക് ദുബായില്‍ വിലക്കില്ലെന്ന് നേരത്തേ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ബിനോയിക്കെതിരെ ജാസ് ടൂറിസം കമ്പനി ഉടമ അല്‍ മര്‍സൂഖി ദുബായ് പൊലീസില്‍ പരാതി നല്‍കിയത്.

ബിനോയിക്കെതിരെ ആരോപണം ഉന്നയിച്ച യുഎഇ പൗരന്‍ ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റി വച്ചിരുന്നു. ശ്രീജിത്ത് വിജയനെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ വാര്‍ത്താ സമ്മേളനം മാറ്റിയത്. ഇയാള്‍ ഇപ്പോഴും ഇന്ത്യയില്‍ തുടരുകയാണ്.