തിരുവനന്തപുരം: ട്രോളിംഗ് നിരോധന കാലാവധി 90 ദിവസമായി ഉയര്‍ത്തുന്ന കാര്യം സജീവ പരിഗണനയിലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ.മത്സ്യതൊഴിലാളി സംഘടനകളുമായി കൂടിയാലോചിച്ച ശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ 47 ദിവസമാണ് ട്രോളിംഗ് നിരോധനം.ഇത് 90 ദിവസമാക്കുന്നതിന് കേന്ദ്രം നല്‍കിയ അഞ്ചു വര്‍ഷത്തെ സമയപരിധി അവസാനിക്കാറായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഘട്ടം ഘട്ടമായി ട്രോളിംഗ് നിരോധന കാലാവധി കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.ഇതിനു മുന്നോടിയായി വിദഗ്ധരുമായും സംഘടനകളുമായും കൂടിയാലോചിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഹാര്‍ബര്‍ നിര്‍മാണത്തില്‍ നിയന്ത്രണം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.ഇക്കാര്യത്തില്‍ വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കേന്ദ്ര ഫീഷറീസ് സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കൊച്ചിയില്‍ ചര്‍ച്ച നടത്തി. ഇവരെ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും കടല്‍ സമ്പത്ത് സംരക്ഷിക്കുന്നതിനും സ്ഥിരം സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.