ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാകാത്ത വിഷമത്തിലായിരുന്നു നവനീതയുടെ കൂലിപ്പണിക്കാരായ മാതാപിതാക്കൾ.
കൊച്ചി: നട്ടെല്ല് വളയുന്ന അസുഖത്തെത്തുടർന്ന് പഠനം വഴിമുട്ടിയ എറണാകുളം കാലടിയിലെ നവനീതയ്ക്ക് പുതുജീവൻ. ശസ്ത്രക്രിയയ്ക്കുള്ള തുക കോഴിക്കോട് മുക്കം ടയേഴ്സ് കുടുംബത്തിന് കൈമാറി. ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാകാത്ത വിഷമത്തിലായിരുന്നു നവനീതയുടെ കൂലിപ്പണിക്കാരായ മാതാപിതാക്കൾ. വേദനയില്ലാതെ ഉറങ്ങാനാകുന്ന രാത്രികൾ അകലെയല്ലെന്ന സന്തോഷമുണ്ട് നവനീതയ്ക്ക്.
നട്ടെല്ലിലെ കഠിനമായ വേദന ഇനി അധികകാലമുണ്ടാകില്ല. ഡോക്ടർമാർ നിർദേശിച്ച പോലെ ശസ്ത്രക്രിയ്ക്കുള്ള വഴി ഒരുങ്ങിയിരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത വാർത്ത കണ്ട് നിരവധി പേരാണ് സഹായവുമായി എത്തിയത്. ശസ്ത്രക്രിയയ്ക്ക് മൂന്നര ലക്ഷം രൂപ നൽകിയ മുക്കം ടയേഴ്സ് ചെയർമാൻ ഒ എ കുര്യാക്കോസ് നവനീതയുമായി സംസാരിച്ചു.
നട്ടെല്ല് വളയുന്ന അസുഖത്തിനുള്ള ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ നേരത്തെ നിശ്ചയിച്ച പോലെ സെപ്റ്റംബർ 15ന് തന്നെ നടക്കും. എല്ലാ ദിവസവും സ്കൂളിൽ പോകണം, പഠിച്ച് മിടുക്കിയായി കുടുംബത്തിന് തണലാകണം, പഴയതുപോലെ നൃത്തം ചെയ്യണം, അങ്ങനെ നീളുന്ന നവനീതയുടെ സ്വപ്നങ്ങളിലേക്ക് ഇനി ഒരു ശസ്ത്രക്രിയയുടെ ദൂരം മാത്രം.



