കോഴിക്കോട്: കാലിനു വെട്ടേറ്റ തമിഴ്നാട് സ്വദേശി രാജേന്ദ്രന് ചികിത്സ നിഷേധിച്ചതില്‍ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ പരാതി. ചികിത്സ നിഷേധിച്ച സംഭവത്തില്‍ തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്കെതിരെയാണ് പരാതി. എന്നാല്‍ രാജേന്ദ്രന് ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറയുന്നത്. കാലിന്‍റെ രക്തകുഴലുകൾ മുറിഞ്ഞ അവസ്ഥയിലായിരുന്നു രോഗി. വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാൽ കൂടുതൽ സൗകര്യം ഉള്ള ആശുപത്രിയിലേക്ക് റഫർ ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സൂപ്രണ്ട് പറയുന്നു. സംഭവത്തില്‍ ഓർത്തോ വിഭാഗത്തിനോടും അത്യാഹിത വിഭാഗത്തിനോടും കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരണം തേടി.
മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിന്‍റെ വെട്ടേറ്റ്, കാൽ മുറിഞ്ഞു തൂങ്ങിയ അവസ്ഥയിലാണ് തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി രാജേന്ദ്രനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവിടെ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പിന്നീട് ഇവിടെ നിന്നും രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
എന്നാല്‍ കോഴിക്കോട് ആശുപത്രിയിലും ചികിത്സ ലഭ്യമായില്ലെന്നാണ് രോഗിയുടെയും ബന്ധുക്കളുടെയും പരാതി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് 70,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ അത്രയും പണം ഇല്ലാത്തതിനാല്‍ ചികിത്സയ്ക്കായി രാജേന്ദ്രനെ കൊയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് ഭാര്യ പറഞ്ഞു. രാജേന്ദ്രന് വെട്ടേറ്റ സംഭവത്തിൽ ലോഡ്ജ് ഉടമയുടെ പരാതിയിൽ കുറ്റിപ്പുറം പോലീസ് കേസെടുത്തിട്ടുണ്ട്..
