കൊച്ചി: പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെയുള്ള ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജി വിധി പറയുന്നതിനായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ മാറ്റിവച്ചു. സെന്‍കുമാറിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് തൃപ്തിയില്ലാത്തതാണ് മാറ്റത്തിന് പ്രധാന കാരണമെന്നും ഇതിന് അവകാശമുണ്ടെന്നു അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. പുറ്റിങ്ങല്‍, ജിഷ കേസുകളിലുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്തം സെന്‍കുമാറിനാണെന്നും എ ജി ഉന്നയിച്ചു. എന്നാല്‍ മതിയായ കാരണമില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് സെന്‍കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചു. കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ ചുമതലയേറ്റപ്പോള്‍ പൊലീസ് മേധാവിയെ മാറ്റിയത് കോടതി റദ്ദാക്കിയതും ചൂണ്ടിക്കാട്ടി. അതേസമയം സെന്‍കുമാറിനെ ഡി ജി പി റാങ്കില്‍ നിന്ന് നീക്കിയിട്ടില്ലെന്നും ശമ്പളത്തില്‍ കുറവുണ്ടാകില്ലെന്നും എ ജി ചൂണ്ടിക്കാട്ടി. എന്നാല്‍ പെന്‍ഷനടക്കം ആനുകൂല്യങ്ങളെ ബാധിക്കുമോയെന്ന സംശയം ട്രിബ്യൂണല്‍ പ്രകടിപ്പിച്ചു.