ഇടുക്കി വണ്ടിപ്പെരിയാരിലെ ഊരാളി ആദിവാസി കോളനിയിലെ കൃഷിക്കാരനായ തങ്കപ്പന്റെ മകള്‍ ആതിരയ്‌ക്ക് ഒരേ ഒരു സ്വപ്നം മാത്രമാണുള്ളത്. പഠിക്കണം. സിഇടി കോളേജിലെ വിദ്യാര്‍ത്ഥിനിയായ ആതിരക്ക് വിനയായത് ഇന്റേണല്‍ മാര്‍ക്കാണ്. ഒന്നും രണ്ടും സെമസ്റ്ററുകളില്‍ ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതോടെ മൂന്നാം സെമസ്റ്ററില്‍ ക്ലാസില്‍ നിന്നും പുറത്തായി. അധ്യാപകര്‍ ബോധപൂര്‍വ്വം ഇന്റേണല്‍ മാര്‍ക്ക് കുറച്ചുവെന്നാണ് ആതിരയുടെ പരാതി. വിദ്യാഭ്യാസമന്ത്രിക്ക് ആറ് മാസം മുമ്പ് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്.

ശാസ്‌ത്ര സാങ്കേതിക് സര്‍വ്വകലാശാലയുടെ ചട്ടം പ്രകാരമാണ് മൂന്നാം സെമസ്റ്ററില്‍ ആതിരക്ക് പഠിക്കാനാകാത്തതെന്നാണ് സി.ഇ.ടി അധികൃതരുടെ വിശദീകരണം. സി.ഇ.ടിയില്‍ തന്നെ പഠിക്കണമെന്ന ആഗ്രഹത്തിന് നിയമപരമായ തടസങ്ങള്‍ ഉണ്ടെന്നും, അതുകൊണ്ട് കേരള സര്‍വ്വകലാശാലയ്‌ക്ക് കീഴിലുള്ള കാര്യവട്ടം എഞ്ചിനിയറിംഗ് കോളേജിലേക്ക് പ്രവേശനത്തിന് അവസരമൊരുക്കി പഠനം തുടരാന്‍ സഹായിക്കുമെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഇതുവരെ കിട്ടിയില്ലെന്ന് ആതിര പറയുന്നു. വിദ്യാഭ്യാസമന്ത്രി ഇടപെട്ട് സിഇടിയില്‍ തന്നെ പഠനം തുടരാന്‍ അനുമതി നല്‍കണമെന്നാണ് ആതിരയുടെ ആവശ്യം.