ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വനത്തിനുള്ളില്‍വെച്ച് പീഡിപ്പിച്ച അയല്‍വാസി അറസ്റ്റിലായി. ഇടുക്കി മാങ്കുളം സ്വദേശി ശശിയാണ് പിടിയിലായത്.ഇടുക്കി അടിമാലിക്ക് സമീപം മാങ്കുളം ശേവല്‍കുടി സ്വദേശിയായ ശശി(26)യാണ് അറസ്റ്റിലായത്. ഇയാളെ മൂന്നാര്‍ എസ്.ഐ. സാം ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. 14 വയസ് മാത്രം പ്രായമുള്ള ആദിവാസി പെണ്‍കുട്ടിയെയാണ് ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.

അയല്‍വാസി കൂടിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് സമീപത്തുള്ള വനത്തിലേക്ക് കൊണ്ടുപോവുകയാണ് ആദ്യം ചെയ്തത്. ഇവിടെവെച്ചും പിന്നീട് ചുരകെട്ടാന്‍കുടി, തലനിരപ്പന്‍കുടി എന്നിവിടങ്ങളില്‍വെച്ചും പീഡിപ്പിച്ചു.

തൊട്ടുപിന്നാലെ പെണ്‍കുട്ടിയെ മാങ്കുളത്തെ വീട്ടില്‍കൊണ്ടുവിട്ടശേഷം ശശി ഒളിവില്‍ പോയി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിനകം മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തിയ ശശിയെ പൊലീസ് പിടികൂടി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ശശി.