വയനാട് മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലേക്ക് പറഞ്ഞുവിട്ട ആദിവാസി യുവതി വീട്ടുവരാന്തയിൽ പ്രസവിച്ചു. മേപ്പാടി ചെന്പോത്ര കോളനിയിലെ കല്യാണിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിന്നും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്ത യുവതിയെ പ്രസവ സമയമാകാത്തതിനാൽ ആംബുലൻസിൽ തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലിറങ്ങി അൽപ്പ സമയത്തിനകമായിരുന്നു പ്രസവം. അതേസമയം ഇവര്‍ നിര്‍ബന്ധപൂര്‍വ്വം ഡിസ്ച്ചാര്‍ജ്ജ് വാങ്ങിപ്പോവുകയായിരുന്നുവെന്നും പ്രസവ സമയത്തെക്കുറിച്ച് ആശയക്കുഴപ്പങ്ങളൊഴിവാക്കാനുള്ള പരിശോധനക്ക് ഇവര്‍ തയാറായിരുന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തുടര്‍ന്ന് ഇവരെ വീണ്ടും ആംബുലൻസിൽ തിരികെ ആശുപത്രിയിലെത്തിച്ചു.