കാക്കിനാഡ: ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ പ്രസവവേദന അസഹ്യമായതിനെ തുടര്‍ന്ന യുവതി ബ്‌ളേഡ് കൊണ്ട് ഗര്‍ഭപാത്രം കീറി കുഞ്ഞിനെ സ്വയം പുറത്തെടുത്തതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ഗോദവരി ജില്ലയിലെ ആദിവാസി വിഭാഗത്തില്‍ പെടുന്ന കെ ലക്ഷ്മി എന്ന 30 കാരിക്കാണ് ഇത്തരത്തില്‍ സ്വയം സിസേറിയന്‍ നടത്തിയത്. അടുത്തെങ്ങും പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഭര്‍ത്താവുമൊത്ത് ആശുപത്രിയിലേക്ക് നടന്നു നീങ്ങുമ്പോഴായിരുന്നു വേദന കടുത്തതെന്ന് തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിസംബര്‍ 23 ന് മാരെഡുമില്ലി മണ്ഡലിലെ കിന്റുകുരു ഗ്രാമത്തിലായിരുന്നു സംഭവം. അടുത്തെങ്ങും ആശുപത്രികളോ മറ്റോ ഇല്ലാത്തതിനാല്‍ ഭര്‍ത്താവ് സീതണ്ണ ദുരൈ യ്‌ക്കൊപ്പം സ്വന്തം ഗ്രാമത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള രാംചോദവരം എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്  നടന്നു നീങ്ങുമ്പോഴായിരുന്നു സംഭവം. കുന്നും മലയും സമതലങ്ങളും താണ്ടി വേണം രാംചോദവരത്ത് എത്താന്‍. ഇരുവരും നടന്നു പോകുന്നതിനിടയില്‍ തന്നെ പ്രസവവേദന തുടങ്ങുകയും ബ്‌ളേഡ് ഉപയോഗിച്ച് പ്രസവിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലാതെ വരികയായിരുന്നു.

പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ലക്ഷ്മിയുടെ ഭര്‍ത്താവ് 108 ആംബുലന്‍സ് വിളിക്കുകയും പിന്നീട് അമ്മയെയും കുഞ്ഞിനെയും രാംചോദവരം ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇത് ലക്ഷ്മിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മരുന്നു നല്‍കിയെന്നും ആശുപത്രിയില്‍ ബന്ധുക്കള്‍ ആരെങ്കിലും നില്‍ക്കണമെന്ന് പറഞ്ഞെങ്കിലും ഇവരാരും കേട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരാജയപ്പെട്ടു എന്ന ആരോപണം ശക്തമാണ്. അതേസമയം പത്തു ദിവസം മുമ്പ് ആശുപത്രിയില്‍ കിടക്കണമെന്ന് ഇവരോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതാണെന്നും അങ്ങിനെ ആയിരുന്നെങ്കില്‍ ആഹാരവും ചികിത്സയും താമസിക്കാന്‍ മുറിയും അനുവദിക്കുമായിരുന്നു എന്നും അധികൃതര്‍ പറഞ്ഞു. ആദിവാസി സ്ത്രീകള്‍ക്ക് ഇടയില്‍ സ്വയം പ്രസവം പതിവാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇവര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്ന നിര്‍ദേശമുണ്ട്.