പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസിയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചുമൂടി.ചേരമാന്‍ കണ്ടിയൂരിലെ മരുതന്റെ മൃതദേഹമാണ് താവളം മൊട്ടികോളനിയിലെ അടച്ചിട്ട വീട്ടിനുള്ളില്‍ കണ്ടെത്തിയത്. വീട്ടുടമ മണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 15 ദിവസങ്ങള്‍ക്ക് മുന്‍പാണ് ചേരമാന്‍ കണ്ടിയൂരിലെ ആദിവാസി മരുതനെന്ന അമ്പത് വയസുകാരനെ കാണാതായത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും മരുതന്‍ എവിടെയെന്ന് വിവരം ലഭിച്ചിരുന്നില്ല.
മരുതന്റെ സുഹൃത്തായ മണിയുടെ താവളം മൊട്ടികോളനിയിലെ വീട് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുവീട്ടിലായിരുന്നു മണി താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം മദ്യലഹരിയില്‍, താന്‍ ഒരാളെ കൊലപ്പെടുത്തി എന്നും മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടെന്നും ഇയാള്‍ ചിലരോട് വെളിപ്പെടുത്തിയിരുന്നു. മണിയുടെ വീടിന് സമീപം അസഹ്യമായ ദുര്‍ഗന്ധം കൂടി ഉണ്ടായതോടെ പരിസരവാസികള്‍ ആണ് ഈ വിവരങ്ങള്‍ പൊലീസില്‍ അറിയിച്ചത്.
തുടര്‍ന്ന് ബന്ധുവീട്ടില്‍ ആയിരുന്ന മണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹം മറവ് ചെയ്ത സ്ഥലം മണി കാണിച്ചുകൊടുത്തു. തുടര്‍ന്ന് ഫൊറന്‍സിക് വിദഗദ്ധരുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് മണി, സുഹൃത്തായ മരുതനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തൃൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
