മൂന്നാര്‍: കേരളപ്പിറവി ദിനത്തില്‍ കാടിന്റെ മക്കള്‍ മലയിറങ്ങി നാട്ടിലെത്തി. ആദ്യമായി വണ്ടിയും വള്ളവും കണ്ട് കുട്ടികള്‍ അത്ഭുതപ്പെട്ടു. ഒരുമാസക്കാലത്തെ വനംവകുപ്പിന്റെ പരിശ്രമത്തിലൊടുവിലാണ് പുറംലോകവുമായി ഒരുബന്ധവുമില്ലാതെ കാട്ടില്‍ മാത്രം ഒതുങ്ങി ജീവിക്കുന്ന മലംഭണ്ടാരം വിഭാഗത്തില്‍പ്പെട്ട ആദിവാസികളെ തേക്കടിയില്‍ എത്തിച്ചത്. ആധുനികതയില്‍ ഐ ടി രംഗത്തിന്റെ വികസനവും മെട്രോയുടെ കടന്നുവരവും ജി എസ് ടിയുടെ പ്രഖ്യാപനവും ഒന്നും അവരറിഞ്ഞിട്ടില്ല, അവരെ ബാധിക്കുകയുമില്ല. റേഷന്‍ മുടങ്ങിയാലും വിപണിയില്‍ വില ഉയര്‍ന്നാലും പെട്രോളിന്റെ വില വര്‍ദ്ധിച്ചാലും ഇവര്‍ക്ക് പ്രശ്‌നമല്ല. കാരണം കാടാണ് ഇവരുടെ ലോകം. കേരളം വികസനത്തിന്റെ പാതയില്‍ കുതിച്ച് മുന്നേറുമ്പോള്‍ കാടിന്റെ മക്കളുടെ ഉന്നമനത്തിന് വേണ്ടി നിരവധി പദ്ധികള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ അതൊന്നും ഇവര്‍ക്ക് വേണ്ട. കാടും കാട്ടുവിഭവങ്ങളും മാത്രമാണ് യാഥാര്‍ത്ഥ്യമെന്നാണ് ഇവരുടെ വിശ്വാസം.
മറ്റ് വിഭാഗത്തില്‍പെട്ട ആദിവാസികള്‍ പുറംലോകവുമായി ബന്ധപ്പെടുകയും പുരോഗതിയിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ട്. അതിന്റെ ഉദാഹരണമായി സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി ചൂണ്ടിക്കാണിക്കുമ്പോളും ഇവര്‍ ആര്‍ക്കും പിടികൊടുക്കാറില്ല. മലംപണ്ടാരം വര്‍ഗത്തില്‍പ്പെട്ട ഇവര്‍, പുരാതന ജീവിതരീതിയില്‍ നിന്നും വ്യതിചലിച്ചിട്ടില്ല. വസ്ത്രധാരണം പോലും മാറ്റിയിട്ടില്ലെന്നും പറയാം. താമസിക്കുന്നതിന് സ്ഥരമായി ഒരിടമില്ല. ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക്. അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മ്മിക്കാറില്ല. സ്‌കൂളുകളെക്കുറിച്ചും മറ്റും ഇവര്‍ക്ക് കേട്ടു കേള്‍വി പോലുമില്ല. ഈ സാഹചര്യത്തില്‍ കഴിയുന്ന ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് വണ്ടിപ്പെരിയാര്‍ സത്രം ഭാഗത്ത് ഉള്‍വനത്തില്‍ കഴിയുന്ന ഇവരെ വനിതാ വാര്‍ഡനായ രമണിയുടെ ഒരുമാസം നീണ്ട ശ്രമഫലമായി നാട്ടിലെത്തിച്ചത്.
മൂന്ന് പുരുഷന്മാരും, നാല് സ്ത്രീകളും കുട്ടികളുമാണ് നാടുകാണുവാന്‍ കാറിങ്ങിയെത്തിയത്. ആദ്യമായി വാഹനം കണ്ടപ്പോള്‍ അത് വിശ്വസിക്കുവാന്‍ കുട്ടികളുടെ കണ്ണുകള്‍ക്ക് കഴിഞ്ഞില്ല. കൂടാതെ തേക്കടി തടാകത്തിലൂടെയുള്ള ബോട്ടു യാത്രയും വ്യത്യസ്ഥമായ അനുഭവമാണ് പകര്‍ന്ന് നല്‍കിയത്. കൂടാതെ നാടന്‍ രീതിയിലുള്ള ഭക്ഷണവും കഴിച്ചതിന് ശേഷമാണ് കാടിന്റെ മക്കളുടെ ഒരുദിവസത്തെ നാട്ടുജീവിതം അവസാനിച്ചത്. എ ഫ് ഡി സജീവന്‍, പി റ്റി സി എപ് ഗവേണിംഗ് മെമ്പര്‍ ഷാജി എന്നിവരും വിവിധ റേഞ്ച് ഓഫീസര്‍മാരും മറ്റ് ഉദ്യോഗസ്ഥരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
