ദില്ലി: ശിവസേന എം.പി രവീന്ദ്ര ഗെയ്‍ക്വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച സംഭവത്തിന്റെ ചൂടാറും മുമ്പ്  വിമാനത്തിനുള്ളില്‍ മറ്റൊരും എം.പിയുടെ പരാക്രമം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധിയായ രാജ്യസഭാംഗം ദോല സെന്നാണ് ഇന്ന് രാവിലെ ദില്ലിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ ബഹളം വെയ്ക്കുകയും ജീവനക്കാരോടെ കയര്‍ക്കുകയും ചെയ്തത്. സുരക്ഷ മുന്‍നിര്‍ത്തിയുള്ള വിമാന ജീവനക്കാരുടെ നിര്‍ദ്ദേശം അനുസരിക്കില്ലെന്ന എം.പിയുടെ കടുംപിടുത്തമാണ് ഒടുവില്‍ വിമാനം അര മണിക്കൂര്‍ വൈകാന്‍ ഇടയാക്കിയത്.

രാവിലെ അമ്മയ്ക്കൊപ്പമാണ് എം.പി വിമാനത്തില്‍ കയറിയത്. വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന ഇവരെ വിമാനത്തിലെ എമര്‍ജന്‍സി വാതിലിന് സമീപത്ത് ഇരുത്താനാവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. മറ്റൊരു സീറ്റിലേക്ക് മാറണമെന്ന് ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും എം.പിയോ അമ്മയോ അത് ചെവിക്കൊണ്ടില്ല. ജീവനക്കാര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചപ്പോള്‍ പിന്നെ ജീവനക്കാര്‍ക്ക് എം.പിയുടെ വക ശകാരവും അസഭ്യവര്‍ഷവും.

വ്യോമയാന സുരക്ഷാ ചട്ടങ്ങള്‍ അനുസരിച്ച് അംഗവൈകല്യമോ മറ്റ് അവശതകളോ ഉള്ള വ്യക്തികളെ എമര്‍ജന്‍സി വാതിലിന് അടുത്ത് ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കാറില്ല. എന്തെങ്കിലും അപകടമുണ്ടായാല്‍ യാത്രക്കാരെ അടിയന്തരമായി വിമാനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ കാലതാമസം വരുമെന്നതിനാലാണ് ഇത്. സാമാന്യം ഭാരമുള്ള എമര്‍ജന്‍സി വാതില്‍ അപകട സമയത്ത് ഒറ്റയ്ക്ക് തുറക്കാന്‍ ആരോഗ്യമുള്ളയാളുകള്‍ തന്നെ അതിനടുത്തിരുന്ന് യാത്ര ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ ഇത് എം.പിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് നല്ല തെറിയാണ് തിരിച്ചുകിട്ടിയതെന്ന് മാത്രം. മുമ്പ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എം.പിയുടെ യാത്രാ വിലക്ക് ഇന്നാണ് എയര്‍ ഇന്ത്യ നീക്കിയത്. ഇതിന് പിന്നാലെയാണ് അടുത്ത എം.പിയുടെ പരാക്രമം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.