ദില്ലി: മുത്തലാഖ് നിരോധന ഓർഡിനൻസിന് പകരമുള്ള ബില്ല് ഇന്ന് ലോക്സഭ ചർച്ച ചെയ്യും. ചർച്ചയുമായി സഹകരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. എല്ലാ ബിജെപി അംഗങ്ങളും സഭയിലുണ്ടാകണമെന്ന് ബിജെപി നോട്ടീസ് നൽകിയിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തത്തെക്കുറിച്ചുള്ള പ്രത്യേക ചർച്ചയും ബില്ലിനു ശേഷം തുടങ്ങിയേക്കും.

മറ്റു നടപടികൾ ഒന്നും അനുവദിക്കേണ്ടതില്ല എന്നാണ് പ്രതിപക്ഷ തീരുമാനം. റഫാൽ ഇടപാടിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം കോൺഗ്രസ് തുടരും. കംപ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള ഉത്തരവ് രാജ്യസഭയിൽ ചോദ്യോത്തരവേള ഒഴിവാക്കി ചർച്ച ചെയ്യണമെന്ന നോട്ടീസ് ബിനോയ് വിശ്വം നല്‍കിയിട്ടുണ്ട്.

മുത്തലാഖ് ഓർഡിനൻസിന് പകരമുള്ള ബിൽ ലോക്സഭയിൽ പാസാക്കാനുള്ള നീക്കങ്ങള്‍ ബിജെപി നേരത്തെ തുടങ്ങിയിരുന്നു. അണ്ണാ ഡിഎംകെയുടെ പിന്തുണയും ബിജെപി തേടി. മുത്തലാഖ് ഓർഡിനൻസിന് പകരമുള്ള ബില്ല് ഈ മാസം പതിനേഴിനാണ് നിയമമന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ അവതരിപ്പിച്ചത്.

ചർച്ചയിൽ പങ്കെടുത്താലും ബില്ലിനെ കോൺഗ്രസ് പിന്തുണയ്ക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. എൻഡിഎ അംഗങ്ങളുടെ പിന്തുണ കൂടി ബിജെപിക്കു കിട്ടുമെങ്കിലും ആശയക്കുഴപ്പം ഒഴിവാക്കാൻ 37 പേരുള്ള അണ്ണാ ഡിഎംകെയുടെ സഹകരണവും ബിജെപി തേടിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ മാറ്റങ്ങളിലാതെ മുത്തലാഖ് ബിൽ ലോക്സഭയിൽ പാസ്സാകും എന്നുറപ്പാണ്. എന്നാൽ, രാജ്യസഭ കടക്കാനാവില്ല. മുത്തലാഖ് നിരോധന ബില്ലിൽ നിന്ന് മൂന്ന് വർഷത്തെ ജയിൽ ശിക്ഷയ്ക്കുള്ള വ്യവസ്ഥ എടുത്തു കളയണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും.