ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുത്തലാഖ് സുപ്രിം കോടിതി നിരോധിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് തീരുമാനം. ഇങ്ങനെ ഒറ്റവാക്യത്തില്‍ കാര്യം പറയുമ്പോഴും സുപ്രിം കോടതിയിലെ സീനിയറും ചീഫ് ജസ്റ്റിസുമായ ജെ.എസ്. ഖെഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറും മുത്തലാഖിന്റെ കാര്യത്തില്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാടുകള്‍ക്ക് ഇനി നിയമപരമായി പ്രസക്തിയില്ലെന്നത് വാസ്തവമെങ്കിലും വിധിയുമായി ബന്ധപ്പെട്ട് മുത്തലാഖ് വിഷയത്തില്‍ ഇനിയെന്ത് എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യമാണ്. ഓരോ ജസ്റ്റിസുമാരുടെ വിധികളും, പാര്‍ലമെന്റില്‍ നിര്‍മിക്കാപ്പെടാന്‍ സാധ്യതയുള്ള നിയമവുമെല്ലാം ചര്‍ച്ചകള്‍ക്ക് വിധേയമാകും.
ഭരണഘടനാ ബെഞ്ചിന്റെ വിധികള്‍ ഓരോ ജസ്റ്റിസുമാരും പ്രത്യേകമാണ് വായിച്ചത്. ചീഫ് ജസ്റ്റിസ് ആദ്യം വായിച്ച വിധി പ്രസ്താവം മുത്തലാഖ് നിരോധനം നിര്‍ദ്ദേശിക്കുനതായിരുന്നില്ല. മുത്തലാഖ് വിശ്വാസത്തെയും സംസ്‌കാരത്തെയും സംബന്ധിക്കുന്ന കാര്യമാണ്, ഇത് കോടതി ഇടപെടേണ്ട കാര്യമല്ല, ആയിരത്തിലധികം വര്‍ഷക്കാലമായി മുത്തലാഖ് നടന്നു വരുന്നുണ്ട്, ഇത് വിശ്യാസത്തിന്റെ ഭാഗമാണ്, ഇക്കാര്യത്തില്‍ ആറുമാസത്തിനകം പാര്‍ലമെന്റില്‍ നിയമ നിര്‍മാണം നടക്കട്ടെ ഈ കാലയളവുവരെ ഒറ്റയടിക്കുള്ള മുത്തലാഖ് താല്‍ക്കാലികമായി നിരോധിക്കാം എന്നും ജസ്റ്റിസ് ഖേഹാര്‍ വിധി പ്രസ്താവിച്ചു.
തുടര്‍ന്ന് വിധിപ്‌സ്താവിച്ച അബ്ദുല്‍ നസീര്‍ ചീഫ് ജസ്റ്റിസിന്റെ വാദങ്ങളോട് യോജിക്കുന്നതായി വ്യക്തമാക്കി. മുത്തലാഖ് ഭരണഘടനവിരുദ്ധമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ഇരുവരും നിലപാടെടുത്തു. ചീഫ് ജസ്റ്റിസിന് ശേഷം വിധി പ്രസ്താവിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് മുസ്ലിം വ്യക്തി നിയമങ്ങള്‍ക്ക് ഭരണഘടനാ സാധുതയുണ്ടെന്ന് വ്യക്തമാക്കി. അതേസമയം മുത്തലാഖിന് ഭരണഘടനാ സാധുത നല്‍കാനും മുസ്ലിം വിശ്വാസത്തിന്റെ അടിസ്ഥാന ഭാഗമായി മുത്തലാഖിനെ കാണാനും സാധിക്കില്ലെന്ന്‌നിരീക്ഷിച്ചു.
തുടര്‍ന്ന് ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ തന്റെ വിധിപ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്് ഖെഹാറിന്റെ വാദങ്ങള്‍ ഖണ്ഡിക്കുകയായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നരിമാന്റെ വിധി പ്രസ്താവം. പരാതിയുമായി ഒരു പൗരന്‍ സുപ്രിം കോടതിയെ സമീപിച്ചാല്‍ അതിന് പരിഹാരം കാണേണ്ടത്് കോടതി തന്നെയാണെന്ന് നരിമാന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ലമെന്റിനെ ആശ്രയിക്കേണ്ടതില്ലെന്നും ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി. മൂന്നു തവണ തലാഖ് ചൊല്ലി സ്ത്രീയെ ഉപേക്ഷിക്കുകയും അനാഥമാക്കുകയും ചെയ്യുന്ന രീതി ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജസ്റ്റിസ് നരിമാന്റെ വിധിപ്രസ്താവത്തെ പൂര്‍ണമായും അംഗീകരിക്കുന്നതായിരുന്നു ജസ്റ്റിസ് യു.യു.ലളിതിന്റെ വിധി പ്രസ്താവം.
അന്തിമവിധിയില്‍ ഭരണഘടന ബെഞ്ചിലെ ചീഫ് ജസ്റ്റിസടക്കമുള്ള രണ്ടുപേര്‍ എതിരഭിപ്രായം രേഖപ്പെടുത്തിയെങ്കിലും നിയമപ്രകാരം ഇന്ത്യയില്‍ മുത്തലാഖ് നിരോധിച്ചു കഴിഞ്ഞു. പാകിസ്താനടക്കമുള്ള രാഷ്ട്രങ്ങളില്‍ നിലവിലില്ലാത്ത മുത്തലാഖ് ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ആവശ്യമില്ലെന്നാണ് ജസ്റ്റിസുമാര്‍ വിലയിരുത്തിയത്. അതേസമയം മുത്തലാഖ് വിഷയത്തില്‍ ആറുമാസത്തിനകം പുതിയ നിയമ നിര്‍മാണം നടത്താന്‍ ചീഫ് ജസ്റ്റിസ് പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് നിര്‍ണായകമാകും. മുത്തലാഖ് നിരോധിച്ച നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിയമ നിര്‍മാണത്തിനായി ചില നിര്‍ദ്ദേശങ്ങളും ചീഫ് ജസ്റ്റിസ് മുന്നോട്ടു വച്ചിട്ടുണ്ട്. രാഷ്ട്രീയം മാറ്റിവച്ച് എല്ലാ പാര്‍ട്ടികളും പങ്കുചേരണമെന്നും ജസ്റ്റിസ് ആവശ്യപ്പെട്ടു. മുത്തലാഖ് സംബന്ധിച്ച് പാര്‍ലമെന്റ് എത്രയും വേഗം നിയമനിര്‍മാണം നടത്താനാണ് സാധ്യത. എന്നാല്‍ ഇത് ഏകീകൃത സിവില്‍ കോഡ് എന്ന് ആശയവുമായി മുന്നോട്ട് പോകുന്ന കേന്ദ്രസര്‍ക്കാര്‍ ഏത് തരത്തിലാകും മുത്തലാഖ് സംബന്ധിച്ച നിയമനിര്‍മാണം നടത്തുക എന്നതും നിര്‍ണായകമാകും.
അതേസമയം തന്നെ മുത്തലാഖ് സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ക്ക് തയ്യാറാണെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. വിവാഹവേളയില്‍ മുത്തലാഖ് ബാധകമല്ലെന്ന് നിക്കാഹ് കരാറില്‍ ഉള്‍പ്പെടുത്താമെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സ്ത്രീകള്‍ക്ക് അവകാശം ഉണ്ടാകുമെന്നുമായിരുന്നു ബോര്‍ഡ് കോടതിയെ അറിയിച്ചത്. വിധി പ്രസ്താവത്തിലെ ആശയക്കുഴപ്പങ്ങള്‍ തീര്‍ത്ത് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ക്കും തുടക്കമായിട്ടുണ്ട്. മുത്തലാഖ് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു എന്നത് യാഥാര്‍ഥ്യമാകുമ്പോള്‍ ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ മാത്രമായി ഒതുങ്ങുകയാണ് ഈ വിഷയത്തിന്റെ പ്രസക്തി.
ജസ്റ്റിസുമാരുടെ വിധിപ്രസ്താവത്തിലെ പ്രസക്ത ഭാഗങ്ങള്‍
ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍
- മുത്തലഖ് മതവിശ്വാസത്തിന്റെ ഭാഗമാണ്
- മുത്തലഖിന് ഭരണഘടനാ വിരുദ്ധമല്ല
- ആറുമാസത്തേക്ക് ഒറ്റയടിക്കുള്ള മുത്തലഖ് പാടില്ല
- ആറുമാസത്തിന് ശേഷം മുസ്‌ളീം വിവാഹമോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരണം
ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍, ജസ്റ്റിസ് യു.യു.ലളിത്
- മുത്തലഖ് നിരോധിക്കപ്പെടേണ്ടത് തന്നെയാണ്
- മുത്തലഖ് ഇസ്ലാമിക മൂല്യങ്ങള്‍ക്ക് എതിര്
- എല്ലാ മുസ്ലീം രാഷ്ട്രങ്ങളും മുത്തലഖ് നിരോധിച്ചു
- മൗലിക അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും എത്തിയാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കാനാകില്ല
- മുത്തലഖ് തുല്യത അവകാശത്തിന്റെ ലംഘനം
ജസ്റ്റിസ് കുര്യന്‍ ജോസഫ്
- മുത്തലഖ് വിവേചനപരമാണ്
- മുത്തലഖിന് ഭരണഘടന സാധുത നല്‍കാനാകില്ല
- മതം പാപമായി കാണുന്നതിന് നിയമസംരക്ഷണം കിട്ടില്ല
