ദില്ലി: മുത്തലാഖ് നിരോധന ഓർഡിനൻസ് വിണ്ടും പുറപ്പെടുപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ബില്ല് പാസാകില്ല എന്ന അവസ്ഥയിലാണ് സര്‍ക്കാര്‍ പുതിയ നിലപാടിലേക്ക് നീങ്ങുന്നത് എന്ന് പാർലമെന്‍ററി കാര്യസഹമന്ത്രി വിജയ് ഗോയൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിൽ സെലക്ട് കമ്മിറ്റിക്കു വിടാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി സർക്കാർ ശ്രമിക്കുന്നത് മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനാണെന്നും വിജയ്  ഗോയല്‍ പറഞ്ഞു. കോൺഗ്രസ് മുത്തലാഖ് ബില്ല് മുടക്കാൻ നോക്കുന്നെന്നും വിജയ് ഗോയൽ കൂട്ടിച്ചേര്‍ത്തു.

അതേ സമയം കഴിഞ്ഞ ദിവസം മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബിൽ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബിൽ  ചര്‍ച്ചയ്ക്കെടുക്കാനുള്ള നീക്കത്തിനിടെ അണ്ണാഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. കാവേരി വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ബഹളം. ഇതോടെ ബിൽ  ചര്‍ച്ചയ്ക്കെടുക്കാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ്  നാരായണ്‍ സിങ് അറിയിച്ചു. തുടര്‍ന്ന് സഭ ബുധനാഴ്ച വരെ പിരിഞ്ഞു. 

മുത്തലാഖ് ബിൽ  സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം നേരത്തെ തന്നെ സർക്കാർ തള്ളിയിരുന്നു. ബിൽ  പാസാക്കാതിരിക്കാനാണ് സെലക്റ്റ് കമ്മിറ്റിയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും സർക്കാർ ആരോപിച്ചു. തുടര്‍ന്ന് സഭ 15 മിനിറ്റ് നിര്‍ത്തിവച്ചു. ഇതിന് ശേഷം വീണ്ടും സഭ ആരംഭിച്ചതോടെയാണ് സഭ മറ്റന്നാളേക്ക് പിരിയുന്നതായി രാജ്യസഭാ അധ്യക്ഷന്‍ അറിയിച്ചത്.

117 അംഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ബില്ലിനെതിരെ വോട്ടു ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ലോക്സഭയില്‍ ചര്‍ച്ച ബഹിഷ്കരിച്ചെങ്കിലും രാജ്യസഭയില്‍ എതിര്‍ത്ത് വോട്ട് ചെയ്യണമെന്നതാണ് ലീഗിന്‍റെ നിലപാടെന്ന് കുഞ്ഞാലിക്കുട്ടി സഭയിലെത്തിയ ഉടന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു.